കോവിഡ് 19-നെ പ്രതിരോധിക്കാന്‍ എന്‍.സി.സി കേഡറ്റുകളും

-
-

ന്യൂഡൽഹി: കോവിഡ്-19 രോഗബാധയെ ചെറുക്കാൻ എൻ.സി.സി കേഡറ്റുകളെ അണിനിരത്തി പ്രതിരോധ മന്ത്രാലയം. എക്സർസൈസ് എൻ.സി.സി യോഗ്ദാനിന് കീഴിൽ താൽക്കാലികമായി ഇവരെ ജോലിക്കെടുക്കാനാനും മന്ത്രാലയം അനുമതി നൽകി. സീനിയർ ഡിവിഷനിലുള്ള കേഡറ്റുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സഹായിക്കുകയാണ് ഇവരുടെ കർത്തവ്യം. കൂടാതെ ഹെൽപ് ലൈൻ/കോൾ സെന്ററുകളുടെ പ്രവർത്തനം, ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിതരണം, ഗതാഗത നിയന്ത്രണം, സിസിടിവി പ്രവർത്തനം നിരീക്ഷിക്കുക എന്നിവയും ഇവരുടെ ജോലിയാണ്.

വോളന്റിയർമാരായി കേഡറ്റുകളെ ആവശ്യമുള്ള സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ എൻ.സി.സി ഡയറക്ട്രേറ്റിനെ സമീപിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനത്തിന് ശേഷമാണ് കേഡറ്റുകൾ പ്രവർത്തനത്തിന് ഇറങ്ങുന്നതെന്ന് അധികൃതർ ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.

ഉത്തർപ്രദേശ്, തമിഴ്നാട്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മേഖാലയയിലെ ഖാസി ജില്ലയിൽ പോലീസിനൊപ്പം എൻ.സി.സി കേഡറ്റുകൾ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.

Content Highlights: NCC cadets to start service to fight covid-19

Content Highlights: