എംഎസ്സി മെഡിക്കൽ ഫിസിയോളജി പ്രവേശനം, എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ 2025-26 അധ്യയന വർഷത്തെ എംഎസ്സി മെഡിക്കൽ ഫിസിയോളജി (എംഎംപി) കോഴ്സ് പ്രവേശനത്തിന് എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. ആരോഗ്യത്തിലും രോഗാവസ്ഥയിലും അവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനരീതികൾ ഉൾക്കൊള്ളുന്ന മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് മെഡിക്കൽ ഫിസിയോളജി. ക്ലിനിക്കൽ മെഡിസിനിൽ രോഗ പ്രക്രിയകൾ, രോഗനിർണയം, ചികിത്സ എന്നിവ മനസ്സിലാക്കുന്നതിനുള്ള അടിത്തറ ഈ പഠനം നൽകുന്നു. കോഴ്സ് ദൈർഘ്യം മൂന്നുവർഷമാണ്. പൂർത്തിയാക്കാനുള്ള അനുവദനീയമായ പരമാവധി കാലയളവ് ആറുവർഷമായിരിക്കും.
സീറ്റുകളുടെ വിഭജനം
(i) സർക്കാർ സീറ്റുകൾ: എൽബിഎസ് സെന്റർ ഡയറക്ടർ അലോട് ചെയ്യുന്ന മെറിറ്റ് സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ
(ii) മാനേജ്മെന്റ് സീറ്റുകൾ: ‘സർക്കാർ സീറ്റുകൾ’ ഒഴികെയുള്ള, മാനേജ്മെൻറ്് നികത്തുന്ന സീറ്റുകളാണ് മാനേജ്മെന്റ് സീറ്റുകൾ. എല്ലാ സ്ഥാപനങ്ങളിലും 50 ശതമാനം സീറ്റുകൾ സർക്കാർ സീറ്റാണ്. ബാക്കി 50 ശതമാനം സീറ്റുകൾ മാനേജ്മെന്റ് സീറ്റും.
എറണാകുളം ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിലാണ് കോഴ്സ് നടത്തുന്നത്. ഈ സ്ഥാപനത്തിൽ ലഭ്യമായ മെറിറ്റ് സീറ്റുകൾ അഞ്ചും മാനേജ്മെന്റ് സീറ്റുകൾ അഞ്ചും ആണ്.
ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ അന്തിമപട്ടികയും ലഭ്യമായ മൊത്തം സീറ്റുകളുടെ എണ്ണവും സെൻട്രലൈസ്ഡ് അലോട്മെന്റ് പ്രോസസിനു മുൻപ് lbscentre.kerala.gov.in -ൽ പ്രസിദ്ധീകരിക്കും.
അക്കാദമിക് യോഗ്യത
മെഡിക്കൽ ബിരുദധാരികൾ (എ), മറ്റ് ബിരുദധാരികൾ (ബി) എന്നിങ്ങനെ രണ്ട് സ്ട്രീമുകളായാണ് പ്രവേശനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
എ) മെഡിക്കൽ ബിരുദധാരികൾ: എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് എന്നിവയിലൊരു ബിരുദം കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടുകയും ബന്ധപ്പെട്ട സംസ്ഥാന കൗൺസിലിൽ സ്ഥിരമായ രജിസ്ട്രേഷൻ നേടുകയും ചെയ്തിരിക്കണം.
(ബി) ബിഎസ്സി നഴ്സിങ്, ബിപിടി, ബിഫാം, ബിഎസ്സി എംഎൽടി അല്ലെങ്കിൽ അനുബന്ധ ആരോഗ്യശാസ്ത്രത്തിലെ മറ്റേതെങ്കിലും പ്രൊഫഷണൽ ബിരുദങ്ങളിൽ ഒന്ന്, കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടുകയും ബന്ധപ്പെട്ട സംസ്ഥാന കൗൺസിലിൽ സ്ഥിരമായ രജിസ്ട്രേഷൻ (ബാധകമെങ്കിൽ) നേടിയിരിക്കുകയും വേണം.
കെയുഎച്ച്എസിൽനിന്നുള്ള ബിരുദമോ മറ്റ് സർവകലാശാലകളിൽനിന്ന് നേടിയതും കെയുഎച്ച്എസ് തത്തുല്യമായി അംഗീകരിച്ചതുമായ ബിരുദമോ മുഴുവൻസമയ റെഗുലർ മോഡിൽ പഠിച്ച് പൂർത്തിയാക്കിയതാകണം. കോഴ്സിന്റെ എല്ലാ വർഷത്തെ സർവകലാശാലാ പരീക്ഷകളുടെയും കൂടിയുള്ള മൊത്തം മാർക്കാണ് പരിഗണിക്കുക.
എസ്സി/എസ്ടി, എസ്ഇബിസി വിഭാഗക്കാർക്ക് യോഗ്യതാ പ്രോഗ്രാം പരീക്ഷാ മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ പാസ് മാർക്ക് ശതമാനം 50-ൽ താഴെയാണെങ്കിൽ മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഗ്രേഡിങ് സമ്പ്രദായത്തിലാണ് ബിരുദ ഫലമെങ്കിൽ, ഗ്രേഡിൽനിന്ന് ശതമാനത്തിലേക്കുള്ള പരിവർത്തന ഫോർമുല, സർവകലാശാലയിൽനിന്ന് വാങ്ങിയത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ്
മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എൽബിഎസ് സെന്റർ ഡയറക്ടർ രണ്ട് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കും. റാങ്ക് ലിസ്റ്റ്-I എ (മെഡിക്കൽ ബിരുദധാരികൾ) സ്ട്രീമിലുള്ളവരെ ഉൾപ്പെടുത്തിയും റാങ്ക് ലിസ്റ്റ്-II ബി (മറ്റ് ബിരുദധാരികൾ) സ്ട്രീമിൽ ഉള്ളവരെ ഉൾപ്പെടുത്തിയും തയ്യാറാക്കും.
ബാധകമായ യോഗ്യതാപരീക്ഷയിൽ ലഭിച്ച മൊത്തം മാർക്ക് അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക. മെറിറ്റ് അനുസരിച്ച്, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരിൽനിന്ന് ഓപ്ഷൻ അടിസ്ഥാനമാക്കി സീറ്റ് അലോട്മെന്റ് നടത്തും.
അപേക്ഷകൾ lbscentre.in അല്ലെങ്കിൽ lbscentre.kerala.gov.in വഴി ഓഗസ്റ്റ് 16 വരെ നൽകാം.
അപേക്ഷാഫീസ് ജനറൽ വിഭാഗക്കാർക്ക് 1200 രൂപ. എസ്സി/എസ്ടി വിഭാഗക്കാർക്ക് 600 രൂപ. ഓൺലൈനായോ അപേക്ഷിക്കുന്ന സമയത്ത് ജനറേറ്റുചെയ്യാവുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ അsയ്ക്കാം.
Content Highlights: Apply now for MSc Medical Physiology course in Kerala for 2025-26.