എംഎസ്‌സി ഇൻ ക്ലിനിക്കൽ റിസർച്ച്; പിഎച്ച്ഡി പ്രോഗ്രാമിൽ തുടരാനും അവസരം

#ഡോ. എസ്. രാജൂകൃഷ്ണൻ
Representative image: AI Image
Representative image: AI Image

കേന്ദ്ര ബയോടെക്നോളജി വകുപ്പ്, ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ (ബിആർഐസി) സ്ഥാപനമായ ഫരീദാബാദിലെ ട്രാൻസ്ളേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) നടത്തുന്ന രണ്ടുവർഷ (നാല് സെമസ്റ്റർ) ഫുൾടൈം എംഎസ്‌സി ഇൻ ക്ലിനിക്കൽ റിസർച്ച് (ക്ലിനിക്കൽ ട്രയൽസ് സ്പെഷ്യലൈസേഷൻ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

രോഗികളിൽ നടപ്പാക്കുന്ന പുതിയ രീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങൾ, രോഗപ്രതിരോധ രീതികൾ എന്നിവ സുരക്ഷിതവും ഫലപ്രദവുമാണോ എന്നതുമായി ബന്ധപ്പെട്ട ഗവേഷണ രീതികളുടെ പഠനങ്ങളാണ് ക്ലിനിക്കൽ ട്രയലുകൾ. ക്ലിനിക്കൽ ട്രയലുകളുടെ ഡിസൈൻ, നടപ്പാക്കൽ എന്നിവയ്ക്കുവേണ്ട വിജ്ഞാനം, അവയുടെ ഇവാല്യുവേഷൻ, മോണിറ്ററിങ്, ഇംപ്ലിമെന്റേഷൻ എന്നിവയ്ക്കുവേണ്ട നൈപുണികൾ, ക്ലിനിക്കൽ ട്രയൽ ഡേറ്റ വിശകലനം ചെയ്യാനും അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും വേണ്ട കഴിവുകൾ തുടങ്ങിയവയ്ക്ക് ഊന്നൽനൽകുന്ന തിയററ്റിക്കൽ/പ്രാക്ടിക്കൽ പരിജ്ഞാനം നൽകുന്ന പാഠ്യപദ്ധതിയാണുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രായോഗിക പരിശീലനം ലഭിക്കാൻ ആശുപത്രികൾ, വ്യവസായകേന്ദ്രങ്ങൾ, റിസർച്ച്/ട്രയൽ സൈറ്റുകൾ എന്നിവ സന്ദർശിക്കാൻ അവസരം ലഭിക്കും. അക്കാദമിക് സ്ഥാപനങ്ങൾ, ഇൻഡസ്ട്രി, ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിയവയിലെ ഇന്റേൺഷിപ്പ്, ഡിസർട്ടേഷൻ കാലയളവിൽ സ്ഥാപനത്തിൽ നടത്തുന്ന യഥാർഥ ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുക്കൽ എന്നിവയ്ക്കും അവസരം ലഭിക്കും. പ്ലേസ്‌മെൻറ്‌്‌ സപ്പോർട്ട് ടിഎച്ച്എസ്ടിഐ നൽകും. വ്യവസ്ഥകൾക്കു വിധേയമായി ഗവേഷണത്തിൽ (പിഎച്ച്ഡി പ്രോഗ്രാം) തുടരാനുള്ള അവസരം ലഭിക്കാം.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന്‌ മൊത്തത്തിൽ 50 ശതമാനം മാർക്കോടെയുള്ള എംബിബിഎസ്/ബിഎച്ച്എംഎസ്/ബിഎഎംഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്സിങ്/ബിവിഎസ്‌സി/ബാച്ച്‌ലർ ഡിഗ്രി ഇൻ ഫാർമസി അല്ലെങ്കിൽ ലൈഫ് സയൻസസ്/സ്റ്റാറ്റിസ്റ്റിക്സ്/പബ്ലിക് ഹെൽത്ത് - ബിഎസ്‌സി/ബിടെക് ബിരുദം. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

വിശദമായ പ്രവേശന വിജ്ഞാപനം thsti.res.in/jobs -ൽ ലഭിക്കും. അപേക്ഷാവിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഓഗസ്റ്റ് 11 വരെ നൽകാം. ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സെപ്റ്റംബർ ആദ്യവാരം ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ച് എഴുത്തുപരീക്ഷ/ഇൻറർവ്യൂ എന്നിവ നടത്തും. എഴുത്തുപരീക്ഷയുടെ വിശദാംശങ്ങൾ ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് നേരിട്ട് അയച്ചുകൊടുക്കും. എഴുത്തുപരീക്ഷയിൽ അറുപതാം പെർസന്റൈൽ സ്കോറെങ്കിലും നേടുന്നവരെ (അത് 40 ശതമാനം മാർക്കെങ്കിലും ആയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി) ഇൻറർവ്യൂവിന് വിളിക്കും. ഇന്റർവ്യൂവിൽ യോഗ്യത നേടാൻ 60 ശതമാനം മാർക്കെങ്കിലും നേടണം. ഒബിസിക്കാർക്ക് അഞ്ചും പട്ടികവിഭാഗക്കാർക്ക് 10-ഉം ശതമാനം ഇളവ് മാർക്കിൽ നൽകിയേക്കാം. 25,000 രൂപയാണ് സെമസ്റ്റർ ഫീസ്. ഇഡബ്ല്യുഎസ്/ഒബിസി - 18,750 രൂപ, പട്ടിക/ഭിന്നശേഷി വിഭാഗം- 12,500 രൂപ. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് സ്ഥാപനവ്യവസ്ഥകൾ പരിഗണിച്ച് ഫീ ഒഴിവാക്കിയേക്കാം. കോഴ്സ് സെപ്‌റ്റംബർ 29-ന് തുടങ്ങും. ഫരീദാബാദ് റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയാണ് ബിരുദം നൽകുന്നത്.

Content Highlights: Apply now for the 2-year MSc Clinical Research program at THSTI, Faridabad