മാതൃഭൂമി വാര്‍ത്ത തുണയായി; ലിയോയുടെ തുടര്‍പഠനത്തിന് സഹായവാഗ്ദാനങ്ങള്‍

ഉപ്പുതറ: അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ വിജയിച്ച കണ്ണംപടി കിഴുകാനം ഗോത്രഗ്രാമത്തിലെ പി.കെ. ലിയോയ്ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് ഉപ്പുതറ ഫെഡറല്‍ ബാങ്കും സിപിഎമ്മും സഹായം വാഗ്ദാനംചെയ്തു.
അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ 2441-ാം സ്ഥാനമാണ് കണ്ണംപടി കിഴുകാനം പുത്തന്‍പുരയ്ക്കല്‍ പി.കെ. ലിയോ സ്വന്തമാക്കിയത്. കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്ന് അഞ്ചില്‍ താഴെ റാങ്കും ലിയോ പ്രതീക്ഷിക്കുന്നു. ലിയോയുടെ വിജയത്തോടെ കണ്ണംപടി ആദിവാസി ഗ്രാമത്തില്‍ നിന്ന് ഒരു ഡോക്ടര്‍കൂടിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സഹായങ്ങളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരുന്നു കുടുംബം. ഈ സാഹചര്യത്തിലാണ് ഫെഡറല്‍ ബാങ്കും, സിപിഎമ്മും സഹായവാഗ്ദാനങ്ങളുമായി എത്തിയത്.
നീറ്റ് പരീക്ഷയിലെ ലിയോയുടെ ഉന്നതവിജയം മാതൃഭൂമിയാണ് പുറം ലോകത്തെത്തിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഫെഡറല്‍ ബാങ്ക് ഉപ്പുതറ ശാഖ മാനേജര്‍ നിതിന്‍ ജോയി, ഓഫീസ് അസിസ്റ്റന്റ് സോളിമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ ലിയോയ്ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സഹായ വാഗ്ദാനവുമായി വീട്ടിലെത്തി. പ്രത്യേക ഉപഹാരവും നല്‍കി.
മാതൃഭൂമി വാര്‍ത്ത ശ്രദ്ധയില്‍പെട്ടയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് ലിയോയുടെ വീട്ടിലെത്തി അഭിനന്ദിച്ചു. തുടര്‍ വിദ്യാഭ്യാസത്തിനുള്ള ചെലവ് ഏറ്റെടുക്കാമെന്നും അറിയിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേര്‍ന്ന് ലിയോയ്ക്ക് സ്വീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏലപ്പാറ ഏരിയാ സെക്രട്ടറി സജിമോന്‍ ടൈറ്റസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജോണ്‍, ഷിജോ ഫിലിപ്പ് എന്നിവരും ജില്ലാ സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്നു. കൂടാതെ ഒട്ടേറെ വ്യക്തികളും, സംഘടനാ പ്രതിനിധികളും ലിയോയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. പുത്തന്‍പുരയ്ക്കല്‍ പി.കെ.കുമാരന്റെയും സിജിയുടെയും മകനാണ് ലിയോ.
Content Highlights: NEET Success Story: Tribal Student Leo Receives Support higher education