പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് നടപടി തിങ്കളാഴ്ച തുടങ്ങും

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റ് നടപടി തിങ്കളാഴ്ച തുടങ്ങും. മുന്നോടിയായി ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റിന്റെ വിശദാംശങ്ങൾ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ (hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ഇതു പരിശോധിച്ചുവേണം അലോട്മെന്റിനായി അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് അഞ്ചിനാണ് പ്രവേശനം അവസാനിക്കുന്നത്.
ഇതുവരെയും അലോട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. സീറ്റൊഴിവ് പരിശോധിച്ച് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്താണ് പുതുക്കേണ്ടത്. സീറ്റൊഴിവില്ലാത്ത സ്കൂളിലേക്ക് ഓപ്ഷൻ നൽകാനാകില്ല. അപേക്ഷ നൽകിയപ്പോഴുള്ള പിഴവിനാൽ അലോട്മെന്റ് റദ്ദായവർക്ക് സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തിൽ തിരുത്തലുകൾ വരുത്താം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാനും അനുമതിയുണ്ട്.
ഏകജാലകം വഴിയുള്ള മുഖ്യഘട്ട പ്രവേശനം പൂർത്തിയായപ്പോൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 12,296 മെറിറ്റ് സീറ്റ് മിച്ചമുണ്ട്. കായികമികവ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം വെള്ളിയാഴ്ച പൂർത്തിയായി. ഈ വിഭാഗത്തിൽ 3,514 സീറ്റ് മിച്ചമാണ്. ഈ സീറ്റും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിൽ മിച്ചമുള്ള സീറ്റും ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ ഉൾപ്പെടുത്തും.
സർക്കാർ അനുവദിച്ചിട്ടുള്ള അധികബാച്ചുകൾ ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ ഉൾപ്പെടുത്താൻ സാധ്യതകുറവാണ്. ഈ സീറ്റുകൾ തുടർന്നുള്ള അലോട്മെന്റിലായിരിക്കും പരിഗണിക്കുക.
അധികബാച്ചുകളിലെ സീറ്റിലേക്ക് നിലവിൽ ഏകജാലകം വഴി മെറിറ്റിൽ പ്രവേശനം നേടിയവർക്ക് മാറാനുള്ള സൗകര്യം നൽകും. ഇതിനായി നിലവിൽ പ്രവേശനം നേടിയിട്ടുള്ള ജില്ലയ്ക്കുള്ളിൽ സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ക്ഷണിക്കും.
Content Highlights: The Kerala Plus One supplementary allotment process is set to begin on Monday, with school-wise vacancy details being published on the official HSCAP website, allowing students to renew, correct, or submit new applications before the final admission deadline on August 5.