പ്ലസ് വൺ മൂന്നാം അലോട്‌മെന്റ് ഇന്ന്,മെറിറ്റിൽ ലഭ്യമായ സീറ്റുകൾ 93,594

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തേതുമായ അലോട്‌മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്നവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. ബുധനാഴ്ച ക്ലാസ് തുടങ്ങും. ആദ്യദിവസം 3.20 ലക്ഷം കുട്ടികൾ എത്തുമെന്നാണു പ്രതീക്ഷ.
ഞായറാഴ്ചത്തെ അലോട്‌മെന്റോടെ പ്രവേശനത്തിനുള്ള മുഖ്യഘട്ടം പൂർത്തിയാകും. ഇതിനാൽ അലോട്‌മെന്റ് ലഭിക്കുന്നവരും മുൻ അലോട്‌മെന്റുകളിൽ താഴ്ന്ന ഓപ്ഷൻ കിട്ടിയതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. ഇത്തവണ 4,63,686 അപേക്ഷകളാണു ലഭിച്ചത്. മെറിറ്റ്, മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് വിഭാഗങ്ങളിലായി ഇവരിൽ 2,36,934 പേർ സ്‌കൂളിൽ ചേർന്നിട്ടുണ്ട് (മെറിറ്റ്- 2,24,980, കമ്യൂണിറ്റി- 8,971, മാനേജ്്മെന്റ്- 1,462, അൺഎയ്ഡഡ്- 1,521). സ്പോർട്‌സ് ക്വാട്ടയിൽ 4,631 പേർ ചേർന്നു. ആദ്യരണ്ട് അലോട്‌മെന്റുകളിൽ ഉൾപ്പെട്ടവരിൽ 44,371 പേർ നിശ്ചിതസമയത്ത് പ്രവേശനം നേടിയിട്ടില്ല. ഇവരെ മൂന്നാം അലോട്‌മെന്റിൽ പരിഗണിക്കില്ല.
1,77,750 കുട്ടികളാണ് മൂന്നാം അലോട്‌മെന്റ് പ്രതീക്ഷിക്കുന്നത്. 93,594 സീറ്റുകളാണ് മൂന്നാം അലോട്‌മെന്റിന് മെറിറ്റിലുള്ളത്. മറ്റുവിഭാഗങ്ങളിലായി 1,07,214 സീറ്റുകൾകൂടി മിച്ചമുണ്ട് (മാനേജ്‌മെന്റ്- 37,489, കമ്യൂണിറ്റി- 16,361, അൺഎയ്ഡഡ്- 53,364). അപേക്ഷകരിൽ 45,861 പേർ ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരാണ്. 18,902 പേർ വിഎച്ച്എസ്ഇയിൽ ചേർന്നു. ഐടിഐ, പോളിടെക്‌നിക് കോഴ്‌സുകളിൽ ചേരുന്നവരുമുണ്ട്. ഇതിനാൽ പ്രവേശനനടപടി പൂർത്തിയാകുമ്പോൾ 70,000-ൽ അധികം സീറ്റുകൾ മിച്ചമായേക്കും.
സപ്ലിമെന്ററി അലോട്‌മെന്റ് 28 മുതൽ
മൂന്നാം അലോട്‌മെന്റിനുശേഷം മിച്ചമുള്ള സീറ്റുകളുടെ വിവരങ്ങൾ ഹയർസെക്കൻഡറി വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചശേഷം 28 മുതൽ സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സീറ്റൊഴിവ് പരിശോധിച്ച് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കണം.
ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം. പിഴവു കാരണം അലോട്‌മെന്റ് ലഭിക്കാത്തവർക്കും റദ്ദായവർക്കും തിരുത്തൽ വരുത്തി പുതുക്കാം.
ഇഡബ്ലിയുഎസ് ആനുകൂല്യത്തിന് അർഹരായിട്ടും വിവരം ഉൾപ്പെടുത്താത്തതിനാൽ അവസരം നഷ്ടമായവർക്ക് സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷ പുതുക്കുമ്പോൾ തിരുത്തലാകാം. സ്‌പോർട്‌സ് ക്വാട്ടയിലെ സപ്ലിമെന്ററി അലോട്‌മെന്റിനുള്ള നടപടി ബുധനാഴ്ച തുടങ്ങും.
കമ്യൂണിറ്റി ക്വാട്ട പ്രവേശനം നാളെ പുനരാരംഭിക്കും
കമ്യൂണിറ്റി, മാനേജ്‌മെന്റ്, അൺഎയ്ഡഡ് ക്വാട്ട പ്രവേശത്തിനുള്ള ലിങ്ക് വ്യാഴാഴ്ച വൈകീട്ട് പ്രവേശന വെബ്സൈറ്റിൽനിന്നു പിൻവലിച്ചിരുന്നു. ഇതിനാൽ ഈ വിഭാഗത്തിലെ പ്രവേശനം വെള്ളിയാഴ്ച നടന്നില്ല. ഞായറാഴ്ച മൂന്നാം അലോട്‌മെന്റിന് പിന്നാലെ തിങ്കളാഴ്ച ലിങ്ക് പുനഃസ്ഥാപിക്കും. ഇതോടെ കമ്യൂണിറ്റിക്വാട്ടയിലെയും മറ്റും പ്രവേശനം പുനരാരംഭിക്കും.
Content Highlights: Kerala Plus One Allotment 2024: Final Allotment on Sunday