ഫാം.ഡി. പ്രവേശനത്തിൽ അനിശ്ചിതത്വം: 50% മെറിറ്റ് സീറ്റിനെതിരെ മാനേജ്‌മെന്റുകൾ കോടതിയിൽ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ ഫാം.ഡി. (ഡോക്ടർ ഓഫ് ഫാർമസി) കോഴ്‌സിന്റെ പ്രവേശനം അനിശ്ചിതത്വത്തിലേക്ക്. ഇതുവരെ എല്ലാ സീറ്റുകളിലും മാനേജ്‌മെന്റുകൾ നേരിട്ടാണ് പ്രവേശനം നടത്തിയിരുന്നത്. പകുതി സീറ്റുകൾ സർക്കാർ മെറിറ്റ് സീറ്റുകളാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരേ സ്വകാര്യ മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കും.

സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ഒരു കോളേജിലും ഈ കോഴ്‌സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി 15 വർഷംമുൻപ്‌ കോഴ്‌സ് ആരംഭിച്ചതുമുതൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 100 ശതമാനം സീറ്റുകളിലും മാനേജ്‌മെന്റാണ് പ്രവേശനം നടത്തിയിരുന്നത്. 20 കോളേജുകളിൽ 30 വീതമായി 600 സീറ്റുകളാണുള്ളത്. 2025-’26 പ്രവേശനനടപടികൾ പൂർത്തിയായശേഷം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ അടുത്ത അധ്യയനവർഷം മുതൽ 50 ശതമാനം സീറ്റുകൾ സർക്കാർ ഫീസിൽ മെറിറ്റ് ക്വാട്ടയിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് സർക്കുലറിറക്കി.

മുൻകൂട്ടി ആലോചിക്കാതെയും കരാറില്ലാതെയും സർക്കാർ ഏകപക്ഷീയമായി തീരുമാനം എടുത്തെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം.

യു.ഡി.എഫ്. സർക്കാരും പകുതി സീറ്റുകൾ മെറിറ്റ് സീറ്റായി ലഭിക്കണമെന്ന നിലപാട് തുടരുകയാണ്. കഴിഞ്ഞയാഴ്ച സർക്കാർ-മാനേജ്‌മെന്റ് ചർച്ച നടന്നെങ്കിലും ഒത്തുതീർപ്പിലെത്താനായില്ല.

കോടതി ഉത്തരവ് വൈകുകയാണെങ്കിൽ പ്രവേശനനടപടികളും വൈകും. സർക്കാർ മെറിറ്റ് സീറ്റുകൾ നിലവിൽ വന്നാൽ, കുറഞ്ഞഫീസിൽ കൂടുതൽ മെറിറ്റുള്ള വിദ്യാർഥികൾക്ക് അവസരം ലഭിക്കും. സ്വാശ്രയകോളേജുകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ഇത് ബാധിക്കുമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.

Content Highlights: Admissions to Pharm.D courses in Kerala's private self-financing colleges face severe uncertainty after management associations filed a High Court petition against the government's mandate to convert 50% of seats into merit quota.