സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷംമുതൽ പത്ത് മാർക്ക് നൽകും. ഇതിനുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു. സി.എം.-മെഗാക്വിസ് ആദ്യഘട്ട സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ പുസ്തകങ്ങളും പത്രങ്ങളും ഉൾപ്പെടെയുള്ളവ വായിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം വിദ്യാഭ്യാസ വകുപ്പിനുണ്ട്. വായനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി 12 കോടി രൂപയുടെ പുസ്തകങ്ങൾ കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്‌കൂളുകളിലെ ചെറുതും വലുതുമായ ലൈബ്രറികളിൽ നൽകിയിട്ടുണ്ട്.
എന്നാൽ, പല കാരണങ്ങൾ കൊണ്ട് കുട്ടികൾ ആ പുസ്തകങ്ങൾ വായിക്കുന്നില്ല. അതുപോലെ വായിപ്പിക്കേണ്ടവർ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ലെന്നുള്ള പ്രശ്‌നം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് വ്യക്തികളുടെയും യോഗം ചേർന്നിരുന്നു. പ്രാഥമിക റിപ്പോർട്ടായി അവർ നൽകിയിരിക്കുന്നത്, പ്രോജക്ട് അടിസ്ഥാനത്തിൽ വായന ശീലം പരിഗണിക്കുകയും പത്ത് മാർക്ക് ഗ്രേസ് മാർക്കായി നൽകാമെന്ന നിർദേശമാണ്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അംഗീകാരം നേടിയ ശേഷം അടുത്ത അധ്യയന വർഷത്തോടെ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് വേണ്ടി കുട്ടികൾ ഇപ്പോഴേ വായിച്ച് തുടങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
Content Highlights: Kerala education minister announces grace marks for school students who read. Learn about the `Pathu` project and how students can earn 10 extra marks.