പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ ചുരുങ്ങുന്നു: അധ്യാപക തസ്തികകളിൽ വൻ മാറ്റത്തിന് ധവളപത്രം

#പി. കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സ്കൂൾ അധ്യാപകരെ പുനർവിന്യസിക്കണമെന്ന് സർക്കാർ ധവളപത്രം. സ്കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കൂടുതലും വിദ്യാർഥികൾ കുറവുമെന്ന പ്രതിസന്ധി ഏറെക്കാലമായി സംസ്ഥാനത്തെ അലട്ടുന്നുണ്ട്.

കുട്ടികൾ കുറയുന്ന പൊതുവിദ്യാലയങ്ങൾ

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞ്, അധ്യാപകർ തൊഴിൽനഷ്ടഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ശുപാർശ. തൊഴിൽസംരക്ഷണത്തിനായി നിലവിലുള്ളവരെ പുനർവിന്യസിച്ചാൽ, പുതിയ അധ്യാപകനിയമനം കുറയും. കാലാവധിതീരുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകൾ നവംബർവരെ നീട്ടിയിട്ടുണ്ടെങ്കിലും തുടർന്നുള്ള നിയമനം ഉറപ്പില്ല. അതിനാൽ, ഈ അധ്യയനവർഷം സ്കൂൾ അധ്യാപകരുടെ തസ്തികനിർണയം ഇക്കാര്യത്തിൽ നിർണായകമാവും.

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവരുന്നതാണ് സ്ഥിതി. 2024-25 അധ്യയനവർഷം 36.43 ലക്ഷം കുട്ടികളുണ്ടായിരുന്നു. 2025-26-ൽ 35.34 ലക്ഷമായി. അൺഎയ്ഡഡ് സ്കൂൾ കുട്ടികളുടെ കണക്കുകൂടി ചേർത്താണിത്.

പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ ചേരുന്നവരുടെ എണ്ണം കുറയുന്നതാണ് പ്രവണത. 2025-26 അധ്യയനവർഷം സർക്കാരിൽ 84,627 പേരും എയ്ഡഡിൽ 1,49,849 പേരുമായി 2.34 ലക്ഷം. ഈ അധ്യയനവർഷം 3.14 ലക്ഷംപേർ ഒന്നാം ക്ലാസിൽ ചേർന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞെങ്കിലും ആറാം പ്രവൃത്തിദിനത്തിലേ കൃത്യമായി കണക്ക് വരൂ.

പുനർവിന്യാസവഴി

അധ്യാപകരെ ഏതുതരത്തിൽ പുനർവിന്യസിക്കാമെന്ന് ധവളപത്രത്തിൽ വിശദീകരിച്ചിട്ടില്ല. കുട്ടികൾ കുറയുകയും ഡിവിഷൻ ഇല്ലാതാവുകയും ചെയ്താൽ, തൊട്ടടുത്തുള്ള വിദ്യാലയങ്ങളെ ലയിപ്പിച്ച് തസ്തിക നിലനിർത്താം.

പ്രഥമാധ്യാപകരെ നിയമിക്കുമ്പോൾ അവരുടെ ഒഴിവിൽ അധ്യാപകതസ്തികയിൽ ഒരാളെ നിയമിക്കാമെന്ന് വ്യവസ്ഥയുണ്ട്.

സമഗ്ര ശിക്ഷാ കേരളയിൽ 1385 ക്ലസ്റ്റർ കോഡിനേറ്റർ തസ്തികയുണ്ട്. അതിൽ അധ്യാപകരെ നിയോഗിക്കാം.

ബി.ആർ.സി.യിൽ പ്രോഗ്രാം കോഡിനേറ്ററും ട്രെയിനർമാരുമടക്കം നാലുതസ്തികയുണ്ട്. സംസ്ഥാനത്ത് 160 ബി.ആർ.സി.കളുണ്ട്. ജില്ലകളിൽ പ്രോഗ്രാം കോഡിനേറ്ററും പ്രോഗ്രാം ഓഫീസർമാരുമടക്കം അഞ്ചുതസ്തികയുണ്ട്.

ഇവയിലെല്ലാം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അധ്യാപകർ വരുന്നത്. ഈ പദവികളിലേക്കും പുനർവിന്യാസസാധ്യതകളുണ്ട്.

പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലെ കൈറ്റിൽ മാസ്റ്റർ ട്രെയിനർമാരായും അവസരം നൽകാം.

അധ്യാപകരുടെ എണ്ണം

എൽ.പി., യു.പി. 83,288

ഹൈസ്കൂൾ 45,138

എച്ച്.എസ്.എസ്. 30,224

വി.എച്ച്.എസ്.ഇ. 5945

മൊത്തം 1,64,595

Content Highlights: The Kerala government’s white paper has recommended the redeployment of school teachers to combat the state's economic crisis, triggered by a continuous decline in student enrollment across public and aided schools.