120 മണിക്കൂർ നിർബന്ധിത ഇന്റേൺഷിപ്പ്; മൂന്ന് ലക്ഷം വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് കടമ്പ

തൃശ്ശൂർ: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ നാലുവർഷ കോഴ്‌സ് നിർണായകഘട്ടത്തിൽ. കോഴ്‌സിന്റെ നിയമാവലിപ്രകാരം നാലാംസെമസ്റ്റർ പൂർത്തിയായാൽ 120 മണിക്കൂർ ഇന്റേൺഷിപ്പ് നിർബന്ധമാണ്. പ്രധാന സർവകലാശാലകളിലെല്ലാം കൂടി മൂന്നുലക്ഷത്തോളം വിദ്യാർഥികൾക്കാണ് ഇന്റേൺഷിപ്പ് ആവശ്യമാകുക. അവസരം മുതലാക്കി കടലാസ് കമ്പനികൾ രംഗത്തുവരുന്നതായി ആരോപണമുണ്ട്. വേനലവധിക്കാലമായതിനാൽ ചില എയ്ഡഡ് കോളേജുകളും ഫീസ് ഈടാക്കുന്ന ഇന്റേൺഷിപ്പ് പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്റേൺഷിപ്പ് നടത്തിപ്പിന് അസാപ്, കെ-ഡിസ്‌ക് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണ തേടാനാണ് മിക്ക സർവകലാശാലകളും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്രയധികം വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള സംവിധാനം എവിടെയുമില്ല. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരം കണ്ടെത്തുന്നതിന് അധ്യാപകരും കഠിനശ്രമത്തിലാണ്. സർക്കാർ, സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് പുറമേ പ്രമുഖരായ വ്യക്തികൾ, കലാകാരന്മാർ, കർഷകർ, സഹകാരികൾ തുടങ്ങി അംഗീകൃതമായ സംവിധാനങ്ങളിലൊക്കെ ഇന്റേൺഷിപ്പ് നടത്താവുന്നതാണ്.
മാനദണ്ഡങ്ങളിലെ ആനുകൂല്യം മുതലെടുത്ത് പ്രവർത്തനക്ഷമമല്ലാത്ത സ്ഥാപനങ്ങൾ ഇന്റേൺഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പറയുന്നു.
ഇന്റേൺഷിപ്പ് കൊടുക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകുമെന്ന നിബന്ധന മുതലാക്കാൻ ചില എയ്ഡഡ് കോളേജുകളെങ്കിലും രംഗത്തുവന്നിട്ടുണ്ട്.
ഇത് ഒരു പരിധിവരെ വിദ്യാർഥികളെ ചൂഷണത്തിൽനിന്ന് രക്ഷിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
Content Highlights: Mandatory 120-hour internship for 4th-semester degree students in Kerala., Concerns over fake companies and fee-charging internships by colleges., Universities seeking support from ASAP and K-DISC for placement.