കാൻപുർ ഐ.ഐ.ടി പ്രവേശനത്തിന് പിന്നാലെ KEAM-ൽ രണ്ടാം റാങ്കും; ധ്യാൻ തേജിന്റെ വിജയം ഇങ്ങനെ

ചെറുവാഞ്ചേരി (കണ്ണൂർ): എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ ഒന്നാംറാങ്കുകാരന് ലഭിച്ച 586 മാർക്കുതന്നെയാണ് രണ്ടാം റാങ്കുകാരൻ കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ധ്യാൻ തേജ് മണപ്പാട്ടി നേടിയത്. മാർക്കിൽ തുല്യത വന്നാലുള്ള ടൈബ്രേക്കർ മാനദണ്ഡപ്രകാരമാണ് ധ്യാൻ രണ്ടാം റാങ്കിലേക്ക് എത്തിയത്. ആറാം ക്ലാസ് മുതൽ പ്ലസ്ടുവരെ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്കിന്റെ അടിസ്ഥാനത്തിൽ കാൻപുർ ഐ.ഐ.ടി.യിൽ പ്രവേശനം ലഭിച്ചിരിക്കുകയാണ്. കഠിനപ്രയത്നം മാത്രമാണ് വിജയത്തിലേക്കുള്ള ഏക വഴിയെന്ന് ഉറപ്പിച്ചുപറയുകയാണ് ധ്യാൻ. സ്കൂൾവിദ്യാഭ്യാസ കാലങ്ങളിൽ അധ്യാപകനാവുകയെന്നതായിരുന്നു ലക്ഷ്യമെന്ന് അമ്മ അനിഷ പറഞ്ഞു. പരീക്ഷക്കാലത്ത് വീട്ടിൽ അമ്മയുമായി ചേർന്ന് ചോദ്യങ്ങൾ പരസ്പരം ചോദിച്ച് ഉത്തരം കണ്ടെത്തുന്ന രീതിയായിരുന്നു. അമ്മയുടെ പൂർണപിന്തുണ പഠിത്തത്തിന്റെ കാര്യത്തിൽ ലഭിച്ചതായി ധ്യാൻ തേജ് പറയുന്നു. പ്രത്യേക പഠനരീതികളോ സമയക്രമങ്ങളോ ഉണ്ടായിരുന്നില്ല.
അച്ഛൻ പ്രദീപൻ ഒമാനിലെ കസബ് ഇന്ത്യൻ സ്കൂൾ അധ്യാപകനാണ്. മന്ത്രി റോജി എം. ജോൺ ഫോണിൽവിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
Content Highlights: Kannur native Dhyan Tej secured the second rank in the Kerala Engineering Entrance Exam with the same score (586 marks) as the rank leader, missing the top spot only due to tie-breaker criteria, and has now gained admission to IIT Kanpur.