മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ട്- കർണാടക ഹൈക്കോടതി

#Education desk
കർണാടക ഹൈക്കോടതി
കർണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. നീറ്റ് പിജി മെഡിക്കൽ പ്രവേശനത്തിന് തുക നൽകാൻ വിദ്യാർഥിയുടെ അച്ഛനോട് നിർദ്ദേശിച്ച വിചാരണക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഗാർഹിക പീഡന നിരോധന നിയമത്തിലെ സെക്ഷൻ 20(d) പ്രകാരം മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള തുക നൽകാൻ കോടതിക്ക് ഉത്തരവിടാനാകുമെന്ന് ജസ്റ്റിസ് എച്ച്. പി. സന്ദേഷ് പറഞ്ഞു.

കേസിന്റെ പശ്ചാത്തലം

മംഗളൂരു ഫാദർ മുള്ളേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ എം.ഡി ഡെർമറ്റോളജി കോഴ്‌സിലേക്കാണ് വിദ്യാർഥിനിക്ക് പ്രവേശനം ലഭിച്ചത്. ഒന്നാം വർഷത്തെ ഫീസായ 16 ലക്ഷം രൂപ നൽകാനാണ് പിതാവിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടി പ്രായപൂർത്തിയായെന്നും പ്രതിമാസം 60,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുമെന്നതിനാൽ ബാങ്ക് വായ്പ എടുക്കാമെന്നുമാണ് പിതാവിന്റെ അഭിഭാഷകൻ വാദിച്ചത്.

കോടതിയുടെ നിരീക്ഷണങ്ങൾ

കുട്ടികൾ മുതിർന്നവരായി മാറിയതുകൊണ്ട് മാത്രം അവർക്ക് അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ട മാതാപിതാക്കളുടെ ബാധ്യത ഇല്ലാതാകുന്നില്ലെന്ന് കോടതി വീക്ഷിച്ചു. 

പെൺകുട്ടിക്കോ അമ്മയ്ക്കോ സ്വന്തമായി വരുമാനമില്ലാത്ത സാഹചര്യത്തിലും പഠനം തുടരുമ്പോഴും സാമ്പത്തിക സഹായം നിഷേധിക്കുന്നത് സാമ്പത്തിക ചൂഷണത്തിന്റെ പരിധിയിൽ വരുമെന്നും ഹോക്കോടതി നിരീക്ഷണത്തിൽ പറയുന്നു. 

പിതാവിന് ആവശ്യത്തിന് സാമ്പത്തിക ശേഷിയുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ ഉപരിപഠനം ഡോക്ടറുടെ കരിയറിൽ വളരെ നിർണായകമാണെന്ന് വിലയിരുത്തിയ കോടതി, പിതാവ് നൽകിയ ഹർജി തള്ളുകയായിരുന്നു.

Content Highlights: The Karnataka High Court ruled that a father remains legally obligated to cover his daughter's higher education expenses even after she turns 18, upholding an order directing a father to pay ₹16 lakh for his daughter's NEET PG medical admission.