ജെഇഇ അഡ്വാൻസ്ഡ് 2026: സമയക്രമം പ്രസിദ്ധീകരിച്ചു, രജിസ്‌ട്രേഷൻ ഏപ്രിൽ 23 മുതൽ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടികൾ)കളിലെ 2026-27ലെ ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 23 മുതൽ മേയ് രണ്ടുവരെ jeeadv.ac.in വഴി നടത്താം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജെഇഇ മെയിൻ പേപ്പർ 1-ൽ (ബിഇ/ബിടെക്), വിവിധ കാറ്റഗറികളിൽനിന്ന് മുന്നിലെത്തുന്ന രണ്ടരലക്ഷം പേർക്കേ അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്യാൻ അർഹത ലഭിക്കൂ. സൂചിപ്പിച്ച തീയതിക്കകം ജെഇഇ മെയിൻ പേപ്പർ-1 ഫലം പ്രഖ്യാപിക്കുന്നതിനു വിധേയമാണ് രജിസ്‌ട്രേഷൻ സമയക്രമം.

ഈ തീയതിക്കു മുൻപുതന്നെ വിദേശീയർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ)/പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) വിഭാഗക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഈ വിഭാഗക്കാർക്ക് ഏപ്രിൽ ആറുമുതൽ മേയ് രണ്ടുവരെ ഓൺലൈൻ ഡയറക്ട് രജിസ്‌ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ ഫീ അടയ്ക്കാൻ മേയ് നാലിന് രാത്രി 11.59 വരെ സൗകര്യം ഉണ്ടാകും.

വെബ് സൈറ്റിൽനിന്ന് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തെടുക്കാൻ മേയ് 11 മുതൽ 17 വരെ അവസരം ലഭിക്കും. പരീക്ഷ മേയ് 17-ന് രണ്ട് സെഷനിൽ നടത്തും. പേപ്പർ-1 രാവിലെ ഒൻപതുമുതൽ 12 വരെ. പേപ്പർ-2 ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ.

പരീക്ഷാർഥികളുടെ റെസ്പോൺസസ് 21-ന് വെബ്‌സൈറ്റിൽ ലഭ്യമാക്കും. താത്കാലിക ഉത്തരസൂചികകൾ 25-ന് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യും. ഇതിന്മേലുള്ള ഫീഡ്ബാക്ക്/കമന്റുകൾ 26 വരെ നൽകാം. അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരണവും ഫലപ്രഖ്യാപനവും ജൂൺ ഒന്നിന്.

ബിആർക് പ്രവേശനം

ജെഇഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ സ്ഥാനംനേടുന്നവർക്ക് ഐഐടി ബിആർക് പ്രവേശനത്തിൽ താത്പര്യമുണ്ടെങ്കിൽ, ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ജൂൺ രണ്ടിനകം രജിസ്റ്റർ ചെയ്യണം. ജെഇഇ മെയിൻ/അഡ്വാൻസ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള സംയുക്ത സീറ്റ് അലോട്‌മെന്റ് നടപടികൾ, ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) രണ്ടിന് തുടങ്ങും (താത്കാലികം). 

ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നാലിന് രാവിലെ ഒൻപതുമുതൽ 12 വരെ നടത്തും. ഫലം ഏഴിന് പ്രഖ്യാപിക്കും. ഇതിൽ യോഗ്യതനേടുന്നവർക്ക്, തുടർന്ന് ആർക്കിടെക്ചർ ചോയ്‌സുകളും ജോസ പ്രക്രിയയിൽ ഉൾപ്പെടുത്താം. ഓരോ നടപടിയും ആരംഭിക്കുന്നതിന്റെയും അവസാനിക്കുന്നതിന്റെയും കൃത്യമായ സമയം jeeadv.ac.in- ൽ 'ഇംപോർട്ടന്റ് ഡേറ്റ്‌സ്' എന്ന ലിങ്കിൽ നൽകിയിട്ടുണ്ട്.

Content Highlights: JEE Advanced 2026 registration starts April 23! Find the complete exam schedule, important dates, and eligibility criteria for IIT admissions.