അംഗീകാരമില്ലാത്ത ഫാർമസി കോഴ്‌സുകൾ വ്യാപകം; കുടുംബശ്രീയുടെ പേരിലും കോഴ്‌സ്

.
.

ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസനപദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത ഫാർമസി കോഴ്‌സുകൾ വ്യാപകമാകുന്നു. എസ്.എസ്.എൽ.സി., പ്ലസ്ടു യോഗ്യതയുള്ളവർക്ക് എളുപ്പത്തിൽ ജോലി നേടാമെന്നു തെറ്റിദ്ധരിപ്പിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണു വിദ്യാർഥികളെ ചേർക്കുന്നത്. വീട്ടിലിരുന്ന് ഓൺലൈനായി ആറുമാസംകൊണ്ട് കോഴ്‌സ് പൂർത്തിയാക്കാമെന്നതും കുറഞ്ഞ ഫീസുമാണ് കുട്ടികളെ ആകർഷിക്കുന്നത്.

കുടുംബശ്രീയുടെ പേരും ലേബലും ഉപയോഗിച്ചും അംഗീകാരമില്ലാത്ത ഫാർമസി കോഴ്‌സ് നടത്തുന്നതായി പരാതിയുയർന്നിട്ടുണ്ട്. ഫാർമസിസ്റ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ(എഫ്.ഐ.പി. ഒ.) ആരോഗ്യമന്ത്രിക്കും ഫാർമസി കൗൺസിലിനും ഇതുസംബന്ധിച്ചു പരാതിനൽകി.

ആറുമാസ ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് കോഴ്‌സിന് അംഗീകാരമില്ലെന്നാണ് എഫ്.ഐ.പി.ഒ. യുടെ പരാതി. കുടുംബശ്രീ സംസ്ഥാന മിഷനോ ജില്ലാ മിഷനോ ഇത്തരത്തിൽ കോഴ്‌സ് നടത്തുന്നില്ലെന്നു ഫാർമസി കൗൺസിലും സ്ഥിരീകരിച്ചു. കേന്ദ്രസർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനത്തിന്റെ പേരും ഇവർ പ്രചാരണത്തിന് ഉപയോഗിക്കുന്നു.

കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നു കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. അംഗീകൃത ഫാർമസി കോഴ്‌സുകൾക്കു രണ്ടുമുതൽ ആറുവരെ വർഷമാണ് ദൈർഘ്യം. ഡിപ്ലോമ ഇൻ ഫാർമസിക്കു രണ്ടുവർഷവും ബാച്ചിലർ ഓഫ് ഫാർമസിക്കു നാലുവർഷവും ഫാം.ഡി. കോഴ്‌സിന് ആറുവർഷവുമാണ് കാലാവധി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ(പി.സി.ഐ.)യുടെ അംഗീകാരമുള്ളതും ഈ കോഴ്‌സുകൾക്കാണ്.

അംഗീകാരമുള്ള കോഴ്‌സുകൾ അറിയാം

സംസ്ഥാനസർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലും കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുമായി നടത്തുന്ന അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ആരോഗ്യസർവകലാശാലയുടെ വെബ്സൈറ്റിൽ (www.kuhs.ac.in) നിന്ന് അറിയാം. സംസ്ഥാന സർക്കാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ, ഫാർമസി കൗൺസിൽ എന്നിവ അംഗീകരിച്ച വിവിധ പാരാമെഡിക്കൽ ഡിപ്ലോമ/ ഡി.ഫാം. /ഡി.എച്ച്.ഐ. കോഴ്‌സുകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ www.dme.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

Content Highlights: Invalid 6-month-long pharmacy courses rampant in Kerala