വിദ്യാഭ്യാസം:10 വര്‍ഷംകൊണ്ട് ഇന്ത്യക്കാര്‍ വിദേശത്തേക്കയച്ചത് 62 IIT സ്ഥാപിക്കാന്‍ കഴിയുന്നത്ര തുക

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യക്കാര്‍ വിദേശത്തേക്ക് അയച്ചത് 1.76 ലക്ഷം കോടി രൂപ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ)കണക്കുകള്‍ ഉദ്ധരിച്ച് India Today റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.  60-ല്‍ അധികം പുതിയ ഐഐടികള്‍ നിര്‍മ്മിക്കാന്‍ പര്യാപ്തമായത്ര ഭീമമായ തുകയാണിത്.

2023-24-ല്‍ മാത്രം ഇന്ത്യക്കാര്‍ കുട്ടികളുടെ പഠനത്തിനായി ഏകദേശം 29,000 കോടി രൂപ വിദേശത്തേക്ക് അയച്ചു. മുന്‍വര്‍ഷത്തേതിന് ഏകദേശം തുല്യമായ തുകയാണിത്. ഒരു ദശാബ്ദം മുന്‍പ് ഇത് വെറും 2,429 കോടി രൂപയായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ ഏകദേശം 1,200% വര്‍ദ്ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം മറുപടിയായാണ് ആര്‍ബിഐ ഈ വിവരം പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ യുഎസ് ഡോളറിലായിരുന്ന ഈ കണക്കുകള്‍ നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് രൂപയിലേക്ക് മാറ്റിയപ്പോഴാണ് ഭീമമായ തുകയായത്.

അതിനിടെ, 2023-നെ അപേക്ഷിച്ച് 2024-ല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 15 ശതമാനം കുറവുണ്ടായിട്ടുണ്ട്. പല രാജ്യങ്ങളും വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് ഇതിന് കാരണം. 2023-ല്‍ 8,92,989 വിദ്യാര്‍ഥികള്‍ വിദേശയാത്ര നടത്തിയപ്പോള്‍ 2024-ല്‍ ഇത് 7,59,064 ആയി കുറഞ്ഞു. എന്നാല്‍ ഈ സംഖ്യ മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. 2019-ല്‍ 5.9 ലക്ഷത്തില്‍ താഴെ വിദ്യാര്‍ഥികളാണ് വിദേശത്തേക്ക് പോയത്. 2025-26 വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഏകദേശം 50,078 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം, ഇന്ത്യക്കാര്‍ ഈ തുകയുടെ പകുതിയിലധികം വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍, ഇത് സര്‍ക്കാരിന്റെ വാര്‍ഷിക ഉന്നത വിദ്യാഭ്യാസ ബജറ്റിന്റെ മൂന്നിരട്ടിയിലധികം വരും. രാജ്യത്ത് ഒരു ഐഐടി സ്ഥാപിക്കുന്നതിനുള്ള ചെലവ് ഏകദേശം 2,823 കോടി രൂപയാണെങ്കില്‍, കഴിഞ്ഞ ഒരു വര്‍ഷം മാത്രം വിദേശത്തേക്ക് അയച്ച തുക കൊണ്ട് 10-ല്‍ അധികം ഐഐടികള്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു. 10 വര്‍ഷത്തെ മൊത്തം തുക കൊണ്ട് ഏകദേശം 62 ഐഐടികള്‍ നിര്‍മ്മിക്കാമായിരുന്നുവെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തേക്ക് പണം അയക്കുമ്പോള്‍ വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും നല്‍കേണ്ടിവരുന്ന ബാങ്ക് ചാര്‍ജുകളെക്കുറിച്ചോ കറന്‍സി വിനിമയത്തിലെ അധിക നിരക്കുകളെക്കുറിച്ചോ ആര്‍ബിഐ വിവരം നല്‍കിയിട്ടില്ല. ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ പോലുള്ള ബാങ്കിതര സ്ഥാപനങ്ങളെ അപേക്ഷിച്ച് എത്രത്തോളം പണമാണ് ബാങ്കുകള്‍ വഴി അയക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്ര ബാങ്കിന്റെ പക്കലില്ല. 2018-19 മുതല്‍, വിദ്യാഭ്യാസത്തിനായുള്ള പണമിടപാടുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നു. 2018-19ല്‍ 3.63 ലക്ഷമായിരുന്നത് 2022-23ല്‍ ഏകദേശം 10 ലക്ഷമായി ഉയര്‍ന്നു, പിന്നീട് 2023-24ല്‍ 9.43 ലക്ഷമായി അല്‍പം കുറഞ്ഞിട്ടുണ്ട്.
 

Content Highlights: Remittances for overseas education have skyrocketed by 1200% in a decade