പതിനായിരം മെഡിക്കൽ സീറ്റ്‌ വർധിപ്പിച്ച്‌ കേന്ദ്രം, ഒരു സീറ്റിനുള്ള ചെലവ് 1.2 കോടിയിൽ നിന്ന് 1.5 കോടിയാക്കി

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: സർക്കാർ മെഡിക്കൽ കോളജുകളിൽ 5,023 എംബിബിഎസ് സീറ്റുകളും 5,000 പിജി സീറ്റുകളും വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. സംസ്ഥാന, കേന്ദ്രസർക്കാർ മെഡിക്കൽകോേളജുകൾ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ മൂന്നാംഘട്ടമായാണ് സീറ്റുകൾ വർധിപ്പിച്ചത്. ഇതിനായി അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ മെച്ചപ്പെടുത്തുന്നതിന് ഒരു സീറ്റിനുള്ള ചെലവ് 1.2 കോടിയിൽ നിന്ന് 1.5 കോടിയാക്കി വർധിപ്പിച്ചതായും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സീറ്റ് വർധനയ്ക്കായി 2025-’26 മുതൽ 2028-’29 വരെയുള്ള കാലയളവിൽ 15,034.50 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 10,303.20 കോടിയും സംസ്ഥാനങ്ങളുടെ വിഹിതം 4,731.30 കോടിയുമായിരിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കും.

നിലവിൽ, ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്. രാജ്യത്ത് 808 മെഡിക്കൽ കോളേജുകളിലായി 1,23,700 എംബിബിഎസ് സീറ്റുകളുണ്ട്. പത്ത് വർഷത്തിനിടെ 69,352 പുതിയ എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ചു. ഇത് 127 ശതമാനം വളർച്ചയാണ്. ഇതേ കാലയളവിൽ 43,041 പിജി സീറ്റുകൾ വർധിപ്പിച്ചതിലൂടെ 143 ശതമാനമാണ് വളർച്ചയുണ്ടായതെന്നും സർക്കാർ വ്യക്തമാക്കി.

കേന്ദ്രാവിഷ്കൃതപദ്ധതിയുടെ ആദ്യഘട്ടത്തിൽ 83 കോളജുകളിലായി 5,972 കോടി ചെലവിൽ 4,977 എംബിബിഎസ് സീറ്റുകളും 72 കോളജുകളിൽ 1,498 കോടി ചെലവിൽ 4,058 സീറ്റുകളും വർധിപ്പിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 65 കോളേജുകളിലായി 4,000 എംബിബിഎസ് സീറ്റുകൾക്ക് 4,478 കോടിയാണ് ചെലവിട്ടത്. അടുത്ത അഞ്ച് വർഷത്തിനിടെ രാജ്യത്ത് 75,000 പുതിയ മെഡിക്കൽ സീറ്റുകൾ തുടങ്ങുമെന്ന് ഈവർഷത്തെ ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

Content Highlights: India approves 5,023 MBBS & 5,000 PG medical seats in government colleges, boosting healthcare infrastructure with ₹15,034.50 crore investment.