200 രാജ്യങ്ങളില്‍ നിന്നായി 72000 വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠിക്കുന്നു- രാജ്യസഭയില്‍ കണക്കുനൽകി കേന്ദ്രം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ 200 രാജ്യങ്ങളിൽ നിന്നായി 72,218 വിദേശ വിദ്യാർഥികൾ പഠിക്കുന്നതായി കേന്ദ്ര സർക്കാർ. ബുധനാഴ്ച ചോദ്യോത്തര വേളയിൽ സപ്ലിമെന്ററി ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ. 

2026 ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ (QS WUR) 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടംനേടിയതായും അദ്ദേഹം അറിയിച്ചു. 2014-15ൽ ഇത് 11 എണ്ണം മാത്രമായിരുന്നു. വിദേശ വിദ്യാർഥികൾ വിവിധ വിഷയങ്ങളിലായി വൈവിധ്യമാർന്ന കോഴ്സുകളാണ് പഠിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോകോത്തര സ്ഥാപനങ്ങൾ (Institution of Eminence - IoE) പദ്ധതിയിൽ 10 പൊതു മേഖലാ സ്ഥാപനങ്ങൾക്കും 10 സ്വകാര്യ സ്ഥാപനങ്ങൾക്കുമാണ് തിരഞ്ഞെടുക്കേണ്ടത്. ഇതുവരെ 12 സ്ഥാപനങ്ങൾക്ക് (8 പൊതുമേഖല, 4 സ്വകാര്യമേഖല) IoE പദവി നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമാണ് സാമ്പത്തിക സഹായം നൽകുന്നത്. പദ്ധതി ആരംഭിച്ചത് മുതൽ എട്ട് പൊതുമേഖലാ IoE സ്ഥാപനങ്ങൾക്കായി 6,198.99 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കിയതിന്റെ ഫലമായി ആഗോള റാങ്കിങ്ങിൽ ഇന്ത്യയുടെ പ്രകടനത്തിൽ വൻ മെച്ചമുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് വർഷം കൊണ്ട് ക്യു.എസ് റാങ്കിങ്ങിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയായി.

Content Highlights: India hosts 72,218 international students from 200 countries.