ഐഐടി ഖരഗ്പുറില്‍ ഓണ്‍ലൈനായി എഐ, ഡീപ് ലേണിങ് പഠിക്കാന്‍ അവസരം; ക്ലാസ് ജനുവരിയില്‍ ആരംഭിക്കും

സ്വയം (SWAYAM) ലേണിങ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് സൗജന്യ ഓണ്‍ലൈന്‍ ഡീപ് ലേണിങ് കോഴ്‌സുകള്‍ ആരംഭിച്ച് ഐഐടി ഖരഗ്പുര്‍. 2026 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇമേജ് റെക്കഗ്‌നിഷന്‍, സ്പീച്ച് റെക്കഗ്‌നിഷന്‍, തുടങ്ങിയ എഐ ജോലികള്‍ പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വയം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
ഡോ പ്രബീര്‍ കെആര്‍ ബിശ്വാസ് ആണ് കോഴ്‌സ് കൈകാര്യം ചെയ്യുക. മെഷീന്‍ ലേണിങിലെ വിവിധ ആശയങ്ങളെക്കുറിച്ച് പഠിച്ച് സാവധാനം ഡീപ് ലേണിങിലേക്ക് കടക്കുന്ന രീതിയിലാണ് കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഡീപ് ലേണിങ്ങിലെ സാങ്കേതിക വിദ്യകള്‍ എങ്ങനെ നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോഴ്‌സിന്റെ ഉള്ളടക്കം.
മെഡിക്കല്‍ സ്‌കാനുകളില്‍ നിന്ന് രോഗങ്ങള്‍ കണ്ടെത്തുക, ചിത്രങ്ങളില്‍ നിന്ന് ആളുകളെയോ മൃഗങ്ങളെയോ വസ്തുക്കളേയോ തിരിച്ചറിയുക, സിറി, അലക്‌സ പോലുള്ള വോയിസ് അസിസ്റ്റന്റുകളെ പ്രവര്‍ത്തിപ്പിക്കുക, ചാറ്റ്‌ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, ടെക്സ്റ്റ് പാറ്റേണുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ കണ്ടെത്തുക, കാലാവസ്ഥാ പ്രവചനം, ഡ്രോണുകള്‍ എന്നിവയെല്ലാം ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഡീപ് ലേണിങ് ശ്രദ്ധകൊടുക്കുന്ന മേഖലകളാണ്.
2026 ജനുവരി 19 മുതല്‍ ഏപ്രില്‍ 17 വരെ പന്ത്രണ്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന രീതിയിലാണ് കോഴ്‌സ്. നിലവില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍പിടിഇഎല്‍, ഐഐടി ഖരഗ്പുര്‍ എന്നിവയുടെ ലോഗോ അടങ്ങിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ 1000 രൂപ ഫീസടച്ച്, ഇന്‍വിജിലേറ്ററുടെ മേല്‍നോട്ടത്തില്‍ നേരിട്ട് നടത്തുന്ന പരീക്ഷ എഴുതണം. ഏപ്രില്‍ 25-നായിരിക്കും പരീക്ഷ. അസൈന്‍മെന്റുകളില്‍ 25-ല്‍ കുറഞ്ഞത് പത്ത് മാര്‍ക്കും പരീക്ഷയില്‍ 75-ല്‍ കുറഞ്ഞത് 30 മാര്‍ക്കും നേടുന്നവര്‍ മാത്രമേ സര്‍ട്ടിഫിക്കറ്റിന് യോഗ്യത നേടുകയുള്ളു.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
- ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക - ഡീപ് ലേണിംഗ് സ്വയം കോഴ്‌സ്.
- 'Join' എന്നതില്‍ ക്ലിക്ക് ചെയ്ത് ജിമെയില്‍ അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- ആവശ്യമായ വിവരങ്ങള്‍ നല്‍കുക, ഇതോടെ കോഴ്‌സിനായി വിജയകരമായി രജിസ്റ്റര്‍ ചെയ്യും.
Content Highlights: Enroll in a free online Deep Learning course by IIT Kharagpur via SWAYAM. Learn AI, image recognition, speech recognition & more. Register now for Jan 2026.