ക്രിയേറ്റീവ്‌ ആണോ? 100 പേർക്ക് നെറ്റ്ഫ്ലിക്സ് സ്കോളർഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

#Education desk
നെറ്റഫ്ലിക്സ് ലോഗോ| ഫോട്ടോ: Gettyimages
നെറ്റഫ്ലിക്സ് ലോഗോ| ഫോട്ടോ: Gettyimages

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസും (ഐ.ഐ.സി.ടി) ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും ചേർന്ന് 100 വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ് പദ്ധതി നൽകാനൊരുങ്ങുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീസിന്റെ 50 ശതമാനം മുതൽ 80 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും. ഓഗസ്റ്റ് 24-ന് ആരംഭിച്ച അപേക്ഷാ നടപടികൾ സെപ്റ്റംബർ 30 വരെ തുടരും. ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം.

ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് മേഖലകളിൽ പ്രതിഭ തെളിയിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് 'നെറ്റ്ഫ്ലിക്സ് ഇന്ത്യ സ്റ്റോറിടെല്ലിങ് ഇനിഷ്യേറ്റീവി'ന്റെ ഭാഗമായുള്ള പദ്ധതി. ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെറ്റ്ഫ്ലിക്സ് കോ-സി.ഇ.ഒ ടെഡ് സാരൻഡോസും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

സ്കോളർഷിപ്പ് ലഭ്യമായ കോഴ്സുകൾ:

രണ്ട് ഒരുവർഷ ഡിപ്ലോമ കോഴ്സുകൾക്കും നാല് മുതൽ ആറുമാസം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്:

  • ഡിപ്ലോമ കോഴ്സുകൾ:

    • ഇന്ററാക്ടീവ് കോമിക്സ് & സീക്വൻഷ്യൽ ആർട്സ്

    • വിഷ്വൽ എഫക്ട്സ് മാസ്റ്ററി

  • സർട്ടിഫിക്കറ്റ് കോഴ്സുകൾ:

    • വെർച്വൽ ആർട്ട് ഡിപ്പാർട്ട്മെന്റ് കണ്ടന്റ് ക്രിയേഷൻ

    • മീഡിയ ടെക് വർക്ക്ഫ്ലോ

    • ആർട്ട് ഓഫ് ക്യാരക്ടർ ആനിമേഷൻ

    • ഇ-സ്പോർട്സ് & ഗെയിമിങ് മാനേജ്മെന്റ്

തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ?

തികച്ചും മെരിറ്റ് അടിസ്ഥാനമാക്കിയായിരിക്കും സർഗ്ഗാത്മക ശേഷിയും നൈപുണ്യവും വിലയിരുത്തി സ്കോളർഷിപ്പ് നൽകുക:

  1. പ്രാഥമിക പരിശോധന: അപേക്ഷകളുടെ അടിസ്ഥാന യോഗ്യതയും രേഖകളും പരിശോധിക്കും.

  2. ഓൺലൈൻ പരീക്ഷ: യോഗ്യരായവർക്കായി എം.സി.ക്യു രീതിയിലുള്ള ഓൺലൈൻ വിലയിരുത്തൽ പരീക്ഷ നടത്തും.

  3. പോർട്ട്ഫോളിയോ അസസ്മെന്റ്: തിരഞ്ഞെടുത്തവർക്കായി വിഷയാധിഷ്ഠിത പോർട്ട്ഫോളിയോ റിവ്യൂ അല്ലെങ്കിൽ കോഴ്സ് പരീക്ഷകൾ നടക്കും.

  4. അഭിമുഖം: ഐ.ഐ.സി.ടി അധ്യാപകരും നെറ്റ്ഫ്ലിക്സ് പ്രതിനിധികളും അടങ്ങുന്ന വിദഗ്ധ സമിതിയുടെ അഭിമുഖം.

Content Highlights: The Indian Institute of Creative Technologies (IICT) in partnership with Netflix has announced up to 80% scholarships for 100 students across various AVGC diploma and certificate courses, with applications open until September 30.