ഐസിടാക്കില്‍ ഇന്‍ഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകള്‍ പഠിക്കാം: അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിടാക്ക് (ഐസിടി അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇന്‍ഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐസിടാക്ക് ക്യാമ്പസില്‍ നേരിട്ട് നടത്തുന്ന ഓഫ്ലൈന്‍ ബാച്ചുകളിലേക്കാണ് പ്രവേശനം.

സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് , ഡേറ്റ സയന്‍സ് & അനലറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ നൂതന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ അഞ്ച് മാസം (500 മണിക്കൂര്‍) ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാമില്‍ ഡ്യൂവല്‍ സര്‍ട്ടിഫിക്കേഷന്‍, തൊഴില്‍ നേടുന്നതിനാവശ്യമായ എംപ്ലോയബിലിറ്റി സ്‌കില്ലുകളില്‍ സമഗ്രമായ പരിശീലനം, പരിചയസമ്പന്നരായ വ്യവസായ വിദഗ്ധര്‍ നയിക്കുന്ന എക്‌സ്‌പെര്‍ട്ട് സെഷനുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. പഠന കാലയളവില്‍ ആറുമാസത്തേക്ക് ലിങ്ക്ഡ്ഇന്‍ ലേണിംഗ് അല്ലെങ്കില്‍ അണ്‍സ്റ്റോപ്പ് പ്രീമിയം ഉപയോഗിക്കാനുള്ള ലൈസന്‍സും ഇതോടൊപ്പം ലഭിക്കും.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% പ്ലേസ്മെന്റ് പിന്തുണയ്ക്കൊപ്പം ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളും ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഉറപ്പു നല്‍കുന്നുണ്ട്. എന്‍ജിനീയറിങ്, സയന്‍സ് ബിരുദധാരികള്‍, ഗണിതത്തിലും കമ്പ്യൂട്ടര്‍ ഫണ്ടമെന്റല്‍സിലും ശക്തമായ അടിത്തറയുള്ള ഏതെങ്കിലും എന്‍ജിനീയറിങ് മേഖലയില്‍ ത്രിവത്സര ഡിപ്ലോമയുള്ളവര്‍, അവസാന വര്‍ഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഒക്ടോബര്‍ 24 വരെ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും: https://ictkerala.org/interest എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7594051437, 4712700811 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: ICT Academy of Kerala (ICTAK) Opens Applications for Next Batch of 5-Month, Job-Oriented Tech Programs in Thiruvananthapuram