കട്ട്ഓഫ് '0' പെര്സന്റൈല് ആക്കിയിട്ടും ആളില്ല; ഒഴിഞ്ഞുകിടക്കുന്നത് 1400 മെഡിക്കല് PG സീറ്റുകള്

ന്യൂഡല്ഹി: നാലു പ്രത്യേക കൗണ്സലിങ്ങുകള്, കട്ട്ഓഫ് മാര്ക്ക് പൂജ്യംവരെ കുറയ്ക്കല് തുടങ്ങിയ നടപടികള് സ്വീകരിച്ചിട്ടും പ്രതിവര്ഷം ആയിരത്തിലേറെ മെഡിക്കല് ബിരുദ, പി.ജി. സീറ്റുകള് ഒഴിഞ്ഞുകിടക്കുന്നതിന്റെ കാരണം അന്വേഷിക്കാന് ദേശീയ മെഡിക്കല് കമ്മിഷന് (എന്.എം.സി.). 1400ലേറെ പി.ജി. സീറ്റുകള് ഇത്തവണ ഒഴിഞ്ഞുകിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന് കമ്മിഷന് തയ്യാറെടുക്കുന്നത്.
വര്ഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാന് ഡയറക്ടര് ജനറല് ഓഫ് ഹെല്ത്ത് സര്വീസസിന്റെ കീഴില് പ്രത്യേക സമിതി രൂപവത്കരിക്കും. മെഡിക്കല് ബിരുദത്തിന് പ്രവേശന കാലാവധി കഴിഞ്ഞശേഷവും മൂവായിരത്തിലേറെ സീറ്റുകള് ഒഴിഞ്ഞുകിടന്നിരുന്നു ഇത്തവണ. സമയപരിധി കഴിഞ്ഞശേഷം ഇവ നികത്താന് ശ്രമിച്ച കോളേജുകള്ക്കെതിരേ എന്.എം.സി. നടപടി സ്വീകരിച്ചു. മൂന്നുവര്ഷത്തിനിടെ 9783 പി.ജി. സീറ്റും 750 യു.ജി.സീറ്റുമാണ് പാഴായത്.
പി.ജി.ക്ക് നോണ്-ക്ലിനിക്കല് വിഷയങ്ങള് വേണ്ടേ വേണ്ട
2023-ല് 67,802 പി.ജി. സീറ്റാണ് അനുവദിക്കപ്പെട്ടത്. ഇതില് 30,211 സീറ്റ് സര്ക്കാര് കോളേജുകളിലും മറ്റുള്ളവ സ്വകാര്യ-കല്പിത സര്വകലാശാലകളിലുമാണ്. അഖിലേന്ത്യാ ക്വാട്ടയില് 867 എം.എസി., എം.ഡി., ഡി.എന്.ബി. സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാന ക്വാട്ടയില് 583 സീറ്റും. ആന്ധ്രാപ്രദേശ്, ഉത്തര്പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണിവ. പി.ജി. സീറ്റ് ഒഴിവിന് കാരണം വിദ്യാര്ഥികള്ക്ക് നോണ്-ക്ലിനിക്കല് വിഷയങ്ങളോടുള്ള താത്പര്യക്കുറവാണ്. അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി, ഫാര്മക്കോളജി വിഷയങ്ങളിലാണ് സീറ്റുകള് ഒഴിഞ്ഞുകിടക്കുന്നത്.
Content Highlights: Govt sets '0' as NEET cutoff percentile: 1,400 PG medical seats still vacant