എംജിയിലെ ഗവേഷക വിദ്യാർഥികൾക്ക്‌ ഫെലോഷിപ്പ്‌ മുടങ്ങിയിട്ട്‌ മാസങ്ങൾ

#ഹരി ആർ.പിഷാരടി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷകവിദ്യാർഥികൾക്ക്‌ സർവകലാശാല ഫെലോഷിപ്പിൽ വലിയ കുടിശ്ശിക. 2022-ൽ പ്രവേശനം നേടിയ ഗവേഷകർക്ക്‌ 25 മാസത്തെയും 2023-ൽ പ്രവേശനമെടുത്തവർക്ക്‌ 14 മാസത്തെയും ഫെലോഷിപ്പാണ്‌ കിട്ടാനുള്ളത്‌.

സർവകലാശാലാ കാമ്പസിലും വിവിധ കോളേജുകളിലുമായി 260 പേർക്ക്‌ ഫെലോഷിപ്പ്‌ കിട്ടാനുണ്ടെന്ന്‌ പിഎച്ച്‌ഡി വിദ്യാർഥികൾ പറയുന്നു. ഇത് വൈകുന്നതിൽ പ്രതിഷേധിച്ച്‌ ഓൾ കേരള റിസർച്ച്‌ സ്കോളേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാലാ കാമ്പസിൽ സമരം തുടങ്ങി.

12,000 രൂപയാണ്‌ ഒരുമാസം സർവകലാശാല നൽകുന്ന ഫെലോഷിപ്പ്‌. മൂന്നുകോടിയോളം രൂപ ഈയിനത്തിൽ കുടിശ്ശികയുണ്ടെന്നാണ്‌ കണക്ക്‌.

നടപ്പുസാമ്പത്തികവർഷം അഞ്ചുകോടി രൂപയാണ്‌ സർക്കാരിൽനിന്ന്‌ സർവകലാശാലയ്ക്ക്‌ ഇൗയിനത്തിൽ അനുവദിച്ചിരുന്നത്‌. ഇതുവരെ മൂന്നരക്കോടി രൂപ കൊടുത്തിട്ടുണ്ടെന്നും ഒന്നരക്കോടി ഉടൻ കൊടുത്തുതീർക്കുമെന്നും അധികൃതർ അറിയിച്ചു.

2.87 കോടി രൂപ സർക്കാർ ഗ്രാന്റ്‌ ലഭ്യമായിട്ടുണ്ടെന്ന്‌ അധികൃതർ പറയുന്നു.

Content Highlights: fellowship pending for research students in mg