‘പണം എങ്ങനെയെങ്കിലും വരും നീ പോകണം എന്നായിരുന്നു മാതാപിതാക്കളുടെ മറുപടി’- വികാരനിർഭരമായ കുറിപ്പുമായി എസ്തർ

#Education Desk
എസ്തർ അനിൽ കോൺവൊകേഷനു ശേഷം (ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: instagram/@_estheranil
എസ്തർ അനിൽ കോൺവൊകേഷനു ശേഷം (ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: instagram/@_estheranil

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നടി എസ്തർ അനിൽ. അസാധ്യമെന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമായതിൻ്റെ സന്തോഷം പങ്കുവെച്ച് വികാരനിർഭരമായ കുറിപ്പും എസ്തർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

അസാധ്യമെന്ന് കരുതിയ ലക്ഷ്യം

വർഷങ്ങൾക്ക് മുമ്പ് ട്രെയിൻ യാത്രയ് ക്കിടെ ലഭിച്ച അച്ഛൻ്റെ ഒരു ഫോൺ കോൾ ഓർത്തുകൊണ്ടാണ് എസ്തറിൻ്റെ കുറിപ്പ് തുടങ്ങുന്നത്. ‘ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനെ പരിചയപ്പെട്ടെന്നും എന്നെങ്കിലും അവിടെ അപേക്ഷിക്കേണ്ടി വന്നാൽ ആ കുട്ടിയുമായി ബന്ധപ്പെടുന്നത് നല്ലതാവും എന്നും അച്ഛൻ പറഞ്ഞു. അതൊക്കെ അസംഭവ്യമായ കാര്യമാണെന്നാണ് ഞാൻ കരുതിയത്.-എസ്തർ കുറിച്ചു. എന്നാൽ ഇന്ന് അതേ സർവകലാശാലയ്ക്ക് മുന്നിൽ ബിരുദധാരിയായി നിൽക്കുമ്പോൾ ജീവിതത്തിൽ മാജിക് ഉണ്ടെന്ന് താൻ തിരിച്ചറിയുന്നതായി താരം കുറിച്ചു.

മാതാപിതാക്കളുടെ പിന്തുണ

സാമ്പത്തികമായ പ്രതിസന്ധികൾക്കിടയിലും തന്റെ ആഗ്രഹത്തിന് മുൻഗണന നൽകിയ മാതാപിതാക്കൾക്കും എസ്തർ നന്ദി പറയുന്നു. ലണ്ടനിൽ പഠിക്കാൻ വലിയ തുക ആവശ്യമായിരുന്നു. സഹോദരങ്ങൾ രണ്ടുപേരും വിദ്യാഭ്യാസ വായ്പയിൽ പഠിക്കുന്നതുകൊണ്ടുതന്നെ ഇക്കാര്യം വീട്ടിൽ പറയാൻ ആദ്യം മടിച്ചിരുന്നെന്നും എസ്തർ ഓർക്കുന്നു. ‘അമ്മയോടും അച്ഛനോടും ആദ്യം എനിക്ക് എൽഎസ്ഇയിൽ അഡ്മിഷൻ കിട്ടിയ കാര്യം പറഞ്ഞിരുന്നില്ല. അവർക്ക് പഠനത്തിൻ്റെ ചെലവുകൾ താങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അവിടെ പഠിക്കണമെന്നത് എത്രവലിയ ആഗ്രഹമാണെന്ന് ഞങ്ങൾക്ക് അറിയാമെന്നും പണം എങ്ങനെയെങ്കിലും വരും നീ പോകണം എന്നായിരുന്നു അവരുടെ മറുപടി’-കുറിപ്പിൽ പറയുന്നു. 

മാതാപിതാക്കൾക്ക് അവരുടേതായ പോരായ്മകൾ ഉണ്ടെന്നും അത്  ചൂണ്ടിക്കാട്ടാറുണ്ടെന്നും എന്നാൽ മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മാതാപിതാക്കളാണ് തന്റെ കരുത്തെന്നും താരം കുറിച്ചു.

ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ പ്രവേശനം ലഭിച്ചുവെങ്കിലും ആദ്യമൊക്കെ ഒരു പരാജയമായാണ് തനിക്ക് തോന്നിയതെന്ന് എസ്തർ പറയുന്നുണ്ട്. പ്രവേശനം ലഭിക്കുന്നതായിരുന്നില്ല പ്രയാസകരമെന്നും എസ്തർ പറയുന്നു. ലോകത്തെ ഏറ്റവും ബുദ്ധിശാലികളായ വിദ്യാർഥികൾക്കൊപ്പം മത്സരിക്കുന്നതിലെ വെല്ലുവിളികളും ഇംപോസ്റ്റർ സിൻഡ്രോമും തന്നെ അലട്ടിയിരുന്നതായി എസ്തർ മനസ്സുതുറക്കുന്നു. എന്നാൽ ഡിസ്റ്റിങ്ഷനോടുകൂടി തന്റെ തിസീസ് പൂർത്തിയാക്കാൻ കഴിഞ്ഞതിലെ സന്തോഷവും താരം പങ്കുവെക്കുന്നുണ്ട്.

‘താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ എല്‍എസ്ഇ തന്നില്‍ മാറ്റങ്ങളുണ്ടാക്കി.  പല വിഷയങ്ങള്‍ക്കും പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കുന്നത് എന്റെ ജീവിത രീതിയായി മാറി. വര്‍ഷങ്ങളായി ഞാന്‍ പിന്തുടരുന്ന സ്ത്രീയും അധികാരവും എന്ന വിഷയത്തെ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കാന്‍ ഇതിലൂടെ ഞാന്‍ പഠിച്ചു’- എസ്തർ പറയുന്നു. 

മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് താരം ലണ്ടനിലേക്ക് പോയത്. 

Content Highlights: Actress Esther Anil celebrates graduating from the London School of Economics in International Development