ബി.ആര്‍ക്ക് പ്രവേശനയോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്തു

ബാച്ച്‌ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാവ്യവസ്ഥ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സി.ഒ.എ) ജൂലായ് 19 മുതലുള്ള പ്രാബല്യത്തോടെ ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് അഞ്ചുവര്‍ഷ ബി.ആര്‍ക്ക് പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ നിര്‍ബന്ധവിഷങ്ങളായും കെമിസ്ട്രി, ബയോളജി, ടെക്‌നിക്കല്‍ വെക്കേഷണല്‍ വിഷയം, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍നേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, എന്‍ജിനിയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലൊന്നും കൂടി പഠിച്ച്, പ്ലസ് ടു/തത്തുല്യപരീക്ഷ, മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം.
അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരുവിഷയമായി പഠിച്ച്, 10+2 ഡിപ്ലോമ പരീക്ഷ മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. അപേക്ഷകര്‍ ഒരു ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ-നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന ജെ.ഇ.ഇ (മെയിന്‍പേപ്പര്‍ രണ്ട് എ) അല്ലെങ്കില്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) യോഗ്യത നേടിയിരിക്കണം.
2023-24 സെഷന്‍ ബി.ആര്‍ക്ക് പ്രവേശനത്തിന് ഭേദഗതിവ്യവസ്ഥകള്‍ ബാധകമായിരിക്കും. ഈ ഭേദഗതി കണക്കിലെടുത്ത് പുതുതായി പ്രവേശനയോഗ്യത തൃപ്തിപ്പെടുത്തുന്നവര്‍ക്ക് ബി.ആര്‍ക്ക് പ്രവേശനത്തിന് അവസരം നല്‍കാന്‍ 2023 പ്രവേശനത്തിനുള്ള ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷയായ നാറ്റ 2023, ഒരിക്കല്‍കൂടി നടത്താന്‍ സി.ഒ.എ, തീരുമാനിച്ചിട്ടുണ്ട്. നാലാം നാറ്റ പരീക്ഷ സെപ്റ്റംബര്‍ 17-നായിരിക്കും നടത്തുക. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ https://nata.in/-ല്‍ ലഭ്യമാക്കും.
നാലാം നാറ്റയില്‍ യോഗ്യത നേടുന്നവര്‍ക്ക് അവര്‍ 2023-ല്‍ മുന്‍പു നടത്തിയ മൂന്ന് നാറ്റ അഭിമുഖീകരിച്ചിരുന്നോ എന്നത് പരിഗണിക്കാതെ ഈ വര്‍ഷത്തെ ബി.ആര്‍ക്ക് പ്രവേശനത്തിന് അര്‍ഹത ലഭിക്കും. എന്നാല്‍, അവരെ വിവിധ സ്ഥാപനങ്ങളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍/ നികത്താതെ പോയ സീറ്റുകള്‍ എന്നിവയിലെ പ്രവേശനത്തിനേ പരിഗണിക്കൂ.
സംസ്ഥാനങ്ങളില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കേന്ദ്രീകൃത അലോട്‌മെന്റ് നടപടികള്‍ അതേപടി തുടരും. നാലാം നാറ്റഫലം അതിനെ ബാധിക്കുന്നതല്ല. വിവരങ്ങള്‍ക്ക്-https://nata.in/, https://www.coa.gov.in/
Content Highlights: eligibility criteria for B.Arch. courses have been modified