വിദ്യാഭ്യാസവായ്പ: എണ്ണം കുറഞ്ഞു, തുക കൂടി

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് വിദ്യാഭ്യാസവായ്പകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍, വായ്പത്തുക വര്‍ധിച്ചു. ഉന്നത വിദ്യാഭ്യാസച്ചെലവിലെ വര്‍ധനയും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസവായ്പലഭ്യത കുറയുന്നതുമാണ് ഇത് കാണിക്കുന്നതെന്ന് വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി നിരീക്ഷിച്ചു.
2014-ല്‍ 23.36 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വായ്പ ലഭിച്ചെങ്കില്‍ 2025-ല്‍ ഇത് 20.63 ലക്ഷമായി കുറഞ്ഞതായി രാജ്യസഭയില്‍ സമിതി വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 2014-ല്‍ നല്‍കിയ 52,327 കോടി വായ്പ 2025-ല്‍ 1,37,474 കോടിയായി ഉയര്‍ന്നു. വിദ്യാഭ്യാസച്ചെലവുകള്‍ അതിവേഗം വര്‍ധിച്ചിട്ടും കാലക്രമേണ വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത കുറഞ്ഞുവരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സമിതി ആശങ്കപ്പെട്ടു. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസവായ്പകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കാന്‍ ശ്രമിക്കണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പിനോടും ധനകാര്യവകുപ്പിനോടും സമിതി നിര്‍ദേശിച്ചു.
ഈ വര്‍ഷം ഫെബ്രുവരി 25 മുതല്‍ ഓഗസ്റ്റ് 31 വരെ 55,887 അപേക്ഷകളാണ് പിഎം വിദ്യാലക്ഷ്മി പദ്ധതിപ്രകാരം ലഭിച്ചത്. 4427 കോടി രൂപ വായ്പയായും നീക്കിവെച്ചു. എന്നാല്‍, 30,442 അപേക്ഷകളാണ് അംഗീകരിച്ചത്. നല്‍കിയത് 21,967 വായ്പകളും. 688.27 കോടി രൂപ മാത്രമാണ് അനുവദിച്ചത്. നീക്കിവെച്ച വായ്പയായ 4427 കോടിയുടെ 15 ശതമാനം മാത്രമാണിതെന്നും അനുവദിച്ച വായ്പ വെട്ടിച്ചുരുക്കരുതെന്നും സമിതി നിര്‍ദേശിച്ചു. ഇക്കാലയളവില്‍ പല ബാങ്കുകളും പിഎം വിദ്യാലക്ഷ്മിപ്രകാരം വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
ദരിദ്രവിദ്യാര്‍ഥികളോടുള്ള ബാങ്കുകളുടെ ഹൃദയശൂന്യമായ സമീപനമാണിത് കാണിക്കുന്നത്. അതിനാല്‍ വിദ്യാഭ്യാസവായ്പ അനുവദിക്കുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്, ധനകാര്യവകുപ്പ്, റിസര്‍വ് ബാങ്ക് എന്നിവയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുടെ പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നും പിന്നാക്കവിഭാഗങ്ങളില്‍നിന്നും വിദൂരപ്രദേശങ്ങളില്‍നിന്നുമുള്ള ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും പദ്ധതികളെക്കുറിച്ച് അറിയില്ല. പ്രാദേശികഭാഷകളിലും 22 ഷെഡ്യൂള്‍ഡ് ഭാഷകളിലും ബോധവത്കരണം നടത്തണമെന്നും ആവശ്യപ്പെട്ടു.
മറ്റുശുപാര്‍ശകള്‍
- വിദ്യാഭ്യാസവായ്പ കൈകാര്യംചെയ്യാന്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ബാങ്കുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം.
- വിദ്യാഭ്യാസവായ്പയ്ക്കായി ആര്‍ബിഐയുടെ ഓംബുഡ്‌സ്മാന്‍ പ്ലാറ്റ്‌ഫോമും ഹെല്‍പ്പ് ലൈന്‍ സേവനങ്ങളും സംയോജിപ്പിച്ച് വിദ്യാര്‍ഥി പരാതിപരിഹാര പോര്‍ട്ടല്‍ സൃഷ്ടിക്കണം.
- നാലുലക്ഷംവരെയുള്ള വായ്പകള്‍ക്ക് ഈട് എന്നത് മാറ്റി തുക വര്‍ധിപ്പിക്കണം.
Content Highlights: Education loan applications are decreasing while loan amounts increase. Understand the reasons and the impact on students, especially those from disadvantaged backgrounds.