യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ വായ്പ പരിഗണിക്കണം -മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: യുക്രൈനിലെ കാർക്കിവ് സർവകലാശാലയിൽ എം.ബി.ബി.എസ്. വിദ്യാർഥികളായിരിക്കെ യുദ്ധംകാരണം തിരികെ നാട്ടിലെത്തിയ വിദ്യാർഥിനികൾക്ക് മറ്റൊരു രാജ്യത്ത് പഠനം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസവായ്പ സംഘടിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് കളക്ടർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
വടകര ഓർക്കാട്ടേരി സ്വദേശികളായ വിദ്യാർഥിനികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. മറ്റൊരു സർവകലാശാലയിൽ പഠിക്കണമെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുതൽ പഠിക്കേണ്ടിവരും. ഇതിന് 20 ലക്ഷം രൂപ ചെലവാകുമെന്ന് പരാതിയിൽ പറയുന്നു. വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ ത്തുടർന്നാണ് കമ്മിഷന് പരാതി നൽകിയത്.മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. 28-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Content Highlights: Education Loan for MBBS Students who studied in Ukraine