എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ അധിക ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി ട്രംപ്

വാഷിങ്‌ടൺ: വിദേശ തൊഴിലാളികൾക്ക് എച്ച്-1ബി വിസ നൽകുന്നതിന് തൊഴിലുടമകളിൽനിന്ന് ഈടാക്കുന്ന ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷത്തോളം രൂപ) അഡീഷണൽ ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനുപുറമെ, എച്ച്-1ബി വിസ അപേക്ഷകളിലെ പരിശോധനയും നിരീക്ഷണവും കർശനമാക്കിക്കൊണ്ടുള്ള പുതിയ പ്രസിഡൻഷ്യൽ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.
വൻകിട ഐ.ടി. ഔട്ട്‌സോഴ്‌സിങ് കമ്പനികൾ വിദേശ തൊഴിലാളികളെ എത്തിക്കുന്നത് തടയാൻ 2025-ൽ നടപ്പിലാക്കിയ ഒരു ലക്ഷം ഡോളറിന്റെ അധിക ഫീസാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. 2025-ൽ ഉയർന്ന ഫീസ് ഏർപ്പെടുത്തിയതോടെ വൻകിട ഐ.ടി. കമ്പനികളുടെ എച്ച്-1ബി രജിസ്ട്രേഷനിൽ 92 ശതമാനത്തിന്റെ കുറവുണ്ടായതായി ട്രംപ് വ്യക്തമാക്കി. അമേരിക്കൻ തൊഴിലാളികളുടെയും ബിരുദധാരികളുടെയും ജോലിസാധ്യതകൾ സംരക്ഷിക്കാനും യഥാർത്ഥ വിദഗ്ധരെ മാത്രം നിയമിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നടപടിയെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു.
ഫീസ് വർധനവിനെതിരെയുള്ള ഹർജികൾ നിലവിൽ രണ്ട് യു.എസ്. ഫെഡറൽ കോടതികളുടെ പരിഗണനയിലിരിക്കെയാണ് പുതിയ തീരുമാനം.
യു.എസ്. സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർഥികൾക്കും നിലവിലെ വിസ പുതുക്കുന്നവർക്കും അധിക ഫീസ് ബാധകമല്ല.
കഴിഞ്ഞ കാലങ്ങളിൽ സമർപ്പിച്ച ലേബർ കണ്ടീഷൻ അപേക്ഷകൾ (എൽ.സി.എ.) പരിശോധിച്ച് നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റിന് 30 ദിവസത്തെ സമയം അനുവദിച്ചു.
അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം പകരം എച്ച്-1ബി വിസക്കാരെ നിയമിക്കുന്ന കമ്പനികളുടെ അപേക്ഷകൾ വിദേശകാര്യ, ഹോംലാന്റ് സെക്യൂരിറ്റി വകുപ്പുകൾ സംയുക്തമായി കർശന പരിശോധനയ്ക്ക് വിധേയമാക്കും.
ഐ.ടി. മേഖലയിലെ പ്രമുഖ ഇന്ത്യൻ കമ്പനികളെയും വിദഗ്ധരെയുമാണ് തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് വിലയിരുത്തൽ.
Content Highlights: US President Donald Trump has extended the additional $100,000 fee on H-1B visas by another year alongside ordering stricter scrutiny of applications, significantly impacting major Indian IT firms and foreign workers