ഡൽഹി സർവകലാശാലയിൽ നാലുവർഷബിരുദം കഴിഞ്ഞാൽ നേരിട്ട് പിഎച്ച്.ഡി. പ്രവേശനം

#Education Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എൻ.ഇ.പി) ഭാഗമായി നാലുവർഷബിരുദം കഴിഞ്ഞാൽ നേരിട്ട് പിഎച്ച്.ഡി. പ്രവേശനം നൽകുമെന്ന് ഡൽഹി സർവകലാശാല. എൻ.ഇ.പി. പ്രകാരമുള്ള നാലുവർഷബിരുദ കോഴ്‌സ് നടപ്പ് അധ്യയനവർഷം പാസാകുന്നവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കാണ് പ്രവേശനം. നാലാംവർഷം 7.5 സി.ജി.പി.എ. നേടുന്നവർക്ക് പിഎച്ച്.ഡി.ക്കായി അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ളവർക്ക് 7.0 മതി.

രാജ്യത്താദ്യമായി നാലുവർഷ ബിരുദമാരംഭിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഡൽഹി സർവകലാശാല. അതിൽ ആദ്യബാച്ച് വിദ്യാർഥികൾ 2026-27-ൽ പഠിച്ചിറങ്ങാനിരിക്കെയാണ് പ്രഖ്യാപനം. 2022-23-ൽ തുടങ്ങിയ ഡി.യു.വിലെ ആദ്യ നാലുവർഷബിരുദ ബാച്ചിൽ 75,948 വിദ്യാർഥികളുണ്ടായിരുന്നു. ഇതിൽ 40,005 പേർ 2025-ൽ മൂന്നാംവർഷം ബിരുദം പൂർത്തിയാക്കി പഠനം നിർത്തി. 35,943 വിദ്യാർഥികൾ നാലാം വർഷം പഠനം തുടർന്നു. ഇതിൽത്തന്നെ എത്രപേർക്ക് പ്രവേശനം നൽകാനാകുമെന്നതിൽ വ്യക്തതയില്ല. നിലവിൽ പി.ജി.യും യു.ജി.സി. നെറ്റുമാണ് പിഎച്ച്.ഡി.ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത.

എന്നാൽ, നാലുവർഷ പ്രോഗ്രാമിൽ ഗവേഷണം (അവസാനവർഷം)കൂടി കോഴ്സിന്റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും. ഇവർക്ക് പി.ജി.യില്ലാതെ നേരിട്ട് പിഎച്ച്.ഡി. പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും.

ഏറെ അവ്യക്തതകൾ നിറഞ്ഞ നീക്കമാണ് സർവകലാശാലയുടേതെന്ന് വിദ്യാർഥികൾ പറയുന്നു. നാലുവർഷബിരുദം കഴിയുന്നവർക്ക് ഉപരിപഠനത്തിനുപോകാൻ സാധിക്കുന്നില്ലെന്ന വിമർശനം ശക്തമായിരിക്കെയാണ് സർവകലാശാലയുടെ പ്രഖ്യാപനമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒരുവർഷ പി.ജി.ക്ക് 12,111 അപേക്ഷകർ

ആദ്യനാലുവർഷ ബാച്ചിലെ 35,943 വിദ്യാർഥികളിൽ 12,111 പേർ 2026-27 വർഷത്തേക്കുള്ള ഒരുവർഷ ബിരുദാനന്തരബിരുദ കോഴ്‌സിലേക്ക് അപേക്ഷിച്ചതായി ഡൽഹി സർവകലാശാല അറിയിച്ചു. ബാച്ചിലെ വിദ്യാർഥികളുടെ 34.27 ശതമാനം വരുമിത്. 46 വിഷയങ്ങളിലായി 5857 സീറ്റാണ് ഒരുവർഷ പി.ജി. കോഴ്‌സുകളിൽ ആകെയുള്ളത്. ഇതിൽ 2807 സീറ്റേ കോളേജുകളിലുള്ളൂ. ബാക്കി വിദൂരവിദ്യാഭ്യാസംവഴിയാണ്. ഈ കണക്കുകൾപ്രകാരം, അപേക്ഷിച്ചിരിക്കുന്നവരിൽ 48.36 ശതമാനം പേർക്കുമാത്രമേ ഒരു വർഷ പി.ജി.ക്ക് പ്രവേശനം കിട്ടൂ. അതിൽത്തന്നെ കോളേജുകളിൽ പ്രവേശനം കിട്ടുക 23 ശതമാനം പേർക്ക് മാത്രമാണ്.

Content Highlights: Direct PhD admission for students completing the 4-year undergraduate course under NEP at Delhi University