ഇഡ്ഡലിയും സാമ്പാറും ഇനി ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കീഴിൽ ഇനി മുതൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് ഇഡ്ഡലിയും സാമ്പാറും നൽകും. ആഗസ്റ്റ് 24-നുള്ളിൽ ഇത് നടപ്പിലാക്കാൻ സ്കൂളുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്കും ഡയറക്ടറേറ്റ് നിർദ്ദേശം നൽകി.
നിലവിലുള്ള വിഭവങ്ങൾക്ക് പകരമായി പുതിയ രുചികളും പോഷകഗുണമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ആറുമണിക്കൂർ/ആറുദിവസത്തെ മെനു തയ്യാറാക്കിയിരിക്കുന്നത്.
റാഗി ഹൽവയ്ക്ക് പകരം ഗോതമ്പ് ഹൽവയും കടലമസാലയും ഗോതമ്പ് നുറുക്കിന് പകരം മണിച്ചോളം, ബജ്റ എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെനുവിലെ മറ്റു വിഭവങ്ങൾ ഉടനടി നൽകിത്തുടങ്ങുമെങ്കിലും ഇഡ്ഡലിയും സാമ്പാറും തയ്യാറാക്കാൻ പ്രത്യേക ഉപകരണങ്ങളും ആവിയിൽ വേവിക്കാനുള്ള സൗകര്യങ്ങളും ആവശ്യമായതിനാൽ ഏജൻസികൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് 24-നകം എല്ലാ സ്കൂളുകളിലും ഇഡ്ഡലിയും സാമ്പാറും നൽകിത്തുടങ്ങാനാണ് നിർദേശം.
FSSAI-യുടെ ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങളും പോഷകാഹാര നിർദേശങ്ങളും പാലിച്ചായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കേണ്ടത്. ഇത് നിരീക്ഷിക്കാൻ സോണൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
Content Highlights: The Delhi Directorate of Education has updated the PM POSHAN midday meal menu for government schools to include idli, sambar, and other nutritious dishes, directing all schools and catering agencies to implement the changes by August 24.