ഡി.ബി.ടി. ബയോടെക് ഇൻഡസ്ട്രിയിൽ ട്രെയിനിങ് പ്രോഗ്രാം; അവസരം ബയോടെക്നോളജി ബിരുദധാരികൾക്ക്

#ഡോ. എം. വിനയകുമാർ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി (ഡി.ബി.ടി.)ക്കായി ഫരീദാബാദിലെ റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.) നടപ്പാക്കുന്ന പരിശീലന പദ്ധതിയാണ് ബയോടെക് ഇൻഡസ്ട്രിയിൽ ട്രെയിനിങ് പ്രോഗ്രാം (ബി.ഐ.ടി.പി.) 2026-27. ബയോ എൻജിനിയറിങ്, ബയോ മാനുഫാക്ചറിങ്, ഫാർമസ്യൂട്ടിക്കൽസ്, ആഗ്രി-ബയോടെക്നോളജി, വാക്സിൻ ഉത്പാദനം തുടങ്ങിയ പ്രമുഖ വ്യവസായ മേഖലകളിൽ തത്സമയ പ്രോജക്ടുകളിൽ പ്രവർത്തിച്ച് പ്രായോഗിക പരിചയം നേടാൻ ബയോടെക്നോളജി ബിരുദധാരികൾക്ക് ഈ പദ്ധതി അവസരമൊരുക്കുന്നു.

യോഗ്യതയും കാലാവധിയും

അംഗീകൃത സർവകലാശാലകളിൽനിന്ന് ബയോടെക്നോളജി അല്ലെങ്കിൽ ബയോ ഇൻഫർമാറ്റിക്സ് വിഷയങ്ങളിൽ ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.ടെക്., എം.വി.എസ്‌സി., എം.ബി.എ. നേടിയവർക്കും ഡി.ബി.ടി. പി.ജി. ടീച്ചിങ് പ്രോഗ്രാമിന് കീഴിൽ പഠിച്ചവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സി.ജി.പി.എ.യോ വേണം. 2023-’24, 2024-’25, 2025-’26 അക്കാദമിക വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രത്തിൽ ചേരുന്ന തീയതി മുതൽ ആറ് മാസമാണ് പരിശീലനം.

സ്റ്റൈപെൻഡും സർട്ടിഫിക്കറ്റും

ഡി.ബി.ടി. വിഹിതമായി പ്രതിമാസം 10,000 രൂപയും പരിശീലനം നൽകുന്ന കമ്പനിയുടെ വിഹിതമായി കുറഞ്ഞത് 12,300 രൂപയും സ്റ്റൈപെൻഡായി ലഭിക്കും. ആറുമാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി സെക്ടർ സ്കിൽ കൗൺസിലിന്റെ ഓൺലൈൻ അസസ്‌മെന്റ് പാസാകുന്നവർക്ക് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ക്യു.എഫ്.) പ്രകാരമുള്ള അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കും.

തിരഞ്ഞെടുപ്പും പരീക്ഷാരീതിയും

ദേശീയതലത്തിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷവഴിയാണ് തിരഞ്ഞെടുപ്പ്. ആകെ 100 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാകുക. ഇതിൽ ജനറൽ സയൻസിൽ നിന്ന് 12 ചോദ്യങ്ങളും ബയോടെക്നോളജിയുടെ വിവിധ ശാഖകളിൽനിന്ന് 76 ചോദ്യങ്ങളും ജനറൽ ആപ്റ്റിറ്റ്യൂഡ്/അനലിറ്റിക്കൽ/ജനറൽ നോളജ് വിഭാഗത്തിൽനിന്ന് 12 ചോദ്യങ്ങളും ഉൾപ്പെടുന്നു. നെഗറ്റീവ് മാർക്കിങ് ഉണ്ടാകില്ല. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.

അപേക്ഷ

bitp26.onlineapplicationform.org/BITP/ വഴി സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 900 രൂപ. വിവരങ്ങൾക്ക്: rcb.res.in/DBTBITP/

Content Highlights: BITP 2026-27 offers hands-on industry training for biotechnology graduates., Monthly stipend includes Rs. 10,000 from DBT and minimum Rs. 12,300 from the company., Selection is based on a national-level computer-based test with exam centers in Thiruvananthapuram and Kochi.