20% ഫ്ലെക്സിബിൾ സിലബസ് നടപ്പാക്കും; പാഠ്യപദ്ധതിയിൽ വൻ അഴിച്ചുപണിയുമായി CUSAT

#Education desk
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല

കളമശ്ശേരി: വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല. വ്യവസായ, സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കും.

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ സർവകലാശാല ഡീൻമാരുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പുതുതായി ഉയർന്നുവരുന്ന വിഷയമേഖലകൾ ഫലപ്രദമായി പഠിപ്പിക്കുന്നതിനായി ഫാക്കൽറ്റി അംഗങ്ങൾക്ക് പരിശീലനപരിപാടികൾ, വ്യവസായ മേഖലയുമായുള്ള ഇടപെടലുകൾ, പ്രമുഖ ഗവേഷണ-വികസന സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിന് അവസരം നൽകണം എന്നതാണ് നിർദേശങ്ങളിലൊന്ന്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ പുതിയ കണ്ടുപിടിത്തങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, ഗവേഷണമേഖലകൾ, വ്യാവസായിക വികസനങ്ങൾ എന്നിവയ്ക്കനുസരിച്ച് പാഠ്യപദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. സെമികണ്ടക്ടർ ടെക്‌നോളജി, ഫോട്ടോവോൾടെയ്ക്, ബയോടെക്നോളജി തുടങ്ങിയ അതിവേഗം വികസിക്കുന്ന മേഖലകളിലെ പുതിയ അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഇതുവഴി കഴിയും.

എൻജിനിയറിങ്, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്, നിയമം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലകളിലും സമാനമായ പരിഷ്‌കരണങ്ങൾ നടപ്പാക്കാനാകും. നിർദിഷ്ട മാതൃകപ്രകാരം സിലബസിന്റെ 80 ശതമാനം പഠന ബോർഡ് നിർദേശിക്കുന്ന കോർ സിലബസും ശേഷിക്കുന്ന 20 ശതമാനം ഫ്ലെക്സിബിൾ സിലബസും ഘടകവുമായിരിക്കും.

ഫ്ലെക്സിബിൾ ഘടകം കാലാനുസൃതമായി പരിഷ്‌കരിച്ച് പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, വ്യാവസായിക രീതികൾ, കേസ് സ്റ്റഡികൾ, സമകാലിക വികസനങ്ങൾ എന്നിവ ഉൾപ്പെടുത്തും. വിവിധ വകുപ്പുകളിലെ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രധാനപ്പെട്ട ഗവേഷണ കണ്ടെത്തലുകൾ വകുപ്പ് റിസർച്ച് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നിർദേശമുണ്ട്.

Content Highlights: Cochin University of Science and Technology (CUSAT) is set to introduce an industry-friendly, flexible curriculum with 80% dedicated to core syllabus and 20% to dynamic industry updates.