കുസാറ്റ് കാറ്റ് ഫലം പ്രസിദ്ധീകരിച്ചു,ബിടെക് പ്രവേശന പരീക്ഷയിൽ അദിൽ സയാന് ഒന്നാം റാങ്ക്

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) അഖിലേന്ത്യാതലത്തിൽ യുജി, പിജി പ്രോഗ്രാമുകൾക്കായി നടത്തിയ പൊതുപരീക്ഷയുടെ (കാറ്റ്-2025) ഫലം പ്രസിദ്ധീകരിച്ചു.ബിടെക് പ്രവേശനപരീക്ഷയിൽ കോഴിക്കോട് സ്വദേശി അദിൽ സയാൻ ഒന്നാം റാങ്ക് നേടി. മലപ്പുറം സ്വദേശി ആർ. നിരഞ്ജൻ രണ്ടാം റാങ്കും കോഴിക്കോട് സ്വദേശി ടി. മാഹിർ അലി മൂന്നാം റാങ്കും നേടി. കാസർകോട് സ്വദേശി ഹൃദിൻ എസ്. ബിജു പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കും മലപ്പുറം സ്വദേശി കെ. അക്ഷയ് രണ്ടാം റാങ്കും നേടി. കോട്ടയം സ്വദേശി കെ.എസ്. ശബരിനാഥ് പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം റാങ്കും കാസർകോട് സ്വദേശി ഗീമൽ പോൾ രണ്ടാം റാങ്കും നേടി.

തൃശ്ശൂർ സ്വദേശി ടി.പി. കീർത്തന അഞ്ചുവർഷ ബിബിഎ എൽഎൽബി (ഓണേഴ്‌സ്)/ ബികോം എൽഎൽബി (ഓണേഴ്‌സ്)/ ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം റാങ്ക് നേടി. കണ്ണൂർ സ്വദേശി മുഹമ്മദ് നിദാഷ് അഞ്ച് വർഷ ബിബിഎ എൽഎൽബി (ഓണേഴ്‌സ്)/ ബികോം എൽഎൽബി (ഓണേഴ്‌സ്)/ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്ക് നേടി. എറണാകുളം സ്വദേശി മീരാ ലാൽ അഞ്ചുവർഷ ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന് രണ്ടാം റാങ്കും ബിബിഎ എൽഎൽബി (ഓണേഴ്‌സ്)/ബികോം എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാമിന് മൂന്നാം റാങ്കും നേടി. ആഷി സിൻഹ അഞ്ചുവർഷ ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന് മൂന്നാം റാങ്കും കരസ്ഥമാക്കി.

https://admissions.cusat.ac.in ൽ ഫലം ലഭിക്കും. ബിടെക്, ബിലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷൻ രജിസ്‌ട്രേഷൻ അഞ്ചിന് തുടങ്ങും.അപേക്ഷകർ അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 20-ന് മുൻപായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംസിഎ പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം കൗൺസലിങ് 12-ന് നടക്കും. വിവിധ പിജി, ഇന്റഗ്രേറ്റഡ് ബിബിഎ, ബികോം എൽ‌എൽ‌ബി (എച്ച്), ബിഎസ്‌സി എൽ‌എൽ‌ബി (ഓണേഴ്‌സ്)കംപ്യൂട്ടർ സയൻസ് എന്നീ പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ/ റീ-അറെയ്ഞ്ച്മെന്റിനുള്ള അവസരം നാലുമുതൽ ആറുവരെ ആയിരിക്കും.

Content Highlights: CUSAT CAT 2025 Results Out