കുസാറ്റ്: ബി.ടെക്. പ്രോഗ്രാമുകളിലേക്ക് റിയൽ-ടൈം അഡ്മിഷൻ, തീയതിയും സമയവുമറിയാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബി.ടെക്. പ്രോഗ്രാമുകളിലെ എസ്.സി./എസ്.ടി. വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പെഷ്യൽ റിയൽ-ടൈം അഡ്മിഷൻ നടത്തുന്നു. കാറ്റ് 2026 റാങ്ക് ലിസ്റ്റിലുള്ളവർക്കായി ഓഗസ്റ്റ് 11-ന് സെമിനാർ കോംപ്ലക്സിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ 10.30 വരെ. ഇതിനുശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ കാറ്റ് റാങ്ക് ഇല്ലാത്തതും അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ യോഗ്യരായ എസ്.സി./എസ്.ടി. വിഭാഗക്കാരെ പരിഗണിക്കും. ഇവർ അന്നേദിവസം രാവിലെ 11-ന് റിപ്പോർട്ട് ചെയ്യണം.
കാറ്റ് റാങ്ക് ലിസ്റ്റിന് പുറത്തുള്ളവരെ പരിഗണിച്ചതിനുശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഒ.ഇ.സി. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അനുവദിക്കും. ഇവരുടെ റിപ്പോർട്ടിങ് സമയം രാവിലെ 11.30 ആണ്.
* സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാമത്തെ റിയൽ-ടൈം അഡ്മിഷൻ 11-ന് സെമിനാർ കോംപ്ലക്സിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 9.45 വരെ
* മൂന്നാമത്തെ റിയൽ-ടൈം അഡ്മിഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലായ് 10-ന് ആരംഭിക്കും. ഒന്നിലധികം റൗണ്ടുകളിലായാണ് അഡ്മിഷൻ നടക്കുക. കാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ആവശ്യമായ ഫീസടച്ച് ഇതിന് രജിസ്റ്റർ ചെയ്യാം. ഒന്നും രണ്ടും റിയൽ-ടൈം അഡ്മിഷനുകളിൽ അഡ്മിഷൻ ലഭിച്ചിട്ടും ആവശ്യമായ ഫീസ് അടയ്ക്കാത്തവർ, അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ നിരസിച്ചവർ, അല്ലെങ്കിൽ പ്രൊഫൈൽ വഴി അലോട്മെന്റ് സ്ഥിരീകരിക്കാത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാനാകില്ല
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനുശേഷം പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ച് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പ്രവേശനത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: admissions.cusat.ac.in | 9778783191, 8848912606.
Content Highlights: CUSAT announces B.Tech spot admission 2026 for SC/ST and Sports quota. Check the full schedule, reporting times, and registration details here. Apply now!