പാഠ്യപദ്ധതി പരിഷ്കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതില് വിമര്‍ശനവുമായി പരിഷത്ത്

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നതിൽ വിമർശനവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ലിംഗ തുല്യത, യുക്തിചിന്ത, സ്കൂൾ സമയമാറ്റം തുടങ്ങിയ കാര്യങ്ങളിൽ വിമർശനങ്ങളും വിവാദങ്ങളുമുണ്ടായതോടെയാണ് സർക്കാർ പിന്നോട്ടുപോകലിന്റെ സൂചനനൽകിയത്. ഈ സാഹചര്യത്തിലാണ് വിമർശനവുമായി പരിഷത്ത് രംഗത്തിറങ്ങിയത്.
സമസ്ത ഉൾപ്പെടെയുള്ള സംഘടനകളും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളും പരിഷ്കരണത്തിനെതിരേ നിശിതവിമർശനമുയർത്തിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ പരിഷ്കരണത്തിൽനിന്ന് പിൻവാങ്ങുമെന്ന സൂചനനൽകിയത്. ‘‘ആധുനിക കേരള സമൂഹം അംഗീകരിക്കുന്ന പുരോഗമന നിലപാടുകളെ എതിർക്കുന്ന ചില സമ്മർദഗ്രൂപ്പുകളുടെ താത്പര്യങ്ങൾക്കുവേണ്ടി പരിഷ്കരണത്തിൽനിന്ന് പിന്നോട്ടടിക്കരുത്. സമ്മർദഗ്രൂപ്പുകളുടെ താത്പര്യങ്ങൾക്ക് വഴങ്ങി പരിഷ്കരണത്തിൽനിന്ന് പിന്തിരിയുന്ന വിധത്തിലുള്ള പ്രസ്താവനകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഭൂഷണമല്ല. സാമൂഹിക നവോത്ഥാനത്തിന് വിദ്യാഭ്യാസത്തെ ഉപകരണമാക്കുന്നതിനു പകരം നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാങ്ങളുടെയും പേരിൽ അതിനെ പിൻനടത്താൻ ശ്രമിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്’’- പരിഷത്ത് അഭിപ്രായപ്പെട്ടു.
2013-ലെ പാഠപുസ്തക പരിഷ്കരണത്തിലെ അപാകം പരിഹരിച്ചും പുരോഗമന വിദ്യാഭ്യാസ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചും പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്ന് പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനും സ്വകാര്യവത്കരിക്കാനും അധികാരകേന്ദ്രീകരണത്തിനുമുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ നടക്കുന്ന പശ്ചാത്തലത്തിൽ പ്രതിലോമ ആശയങ്ങളെ പ്രതിരോധിക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്നും പരിഷത്ത് ചൂണ്ടിക്കാട്ടി.
100 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ, ഓൺലൈൻ പ്രഭാഷണപരമ്പര
പാഠ്യപദ്ധതി പരിഷ്കരണത്തിൽ പുരോഗമനാശയങ്ങൾ വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പറഞ്ഞു. ലിംഗസമത്വത്തെ എതിർത്തുകൊണ്ടിരിക്കുന്ന വിഭാഗങ്ങളുമായി ചർച്ചനടത്തുന്നതിൽ കാര്യമില്ല. ഈ പാഠ്യപദ്ധതി ഉണ്ടാക്കിയത് പരിഷത്തല്ല, സർക്കാരാണ്. അതുമായി മുന്നോട്ടു പോകേണ്ട ചുമതലയും സർക്കാരിനാണ്. എങ്കിലും പുരോഗമനമൂല്യങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നതിനെ പരിഷത്ത് എതിർക്കുമെന്ന് ജോജി പറഞ്ഞു.
സംഘടനയുടെ നിലപാട് പൊതുസമൂഹത്തോട് വിശദീകരിക്കുന്നതിനായി സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടത്തും. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ മേഖലാതലങ്ങളിലാണ് പരിപാടി. തുടർന്ന് പാഠ്യപദ്ധതിയിൽ പുരോഗമനമൂല്യങ്ങൾ ഉൾച്ചേർക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഓൺലൈൻ പ്രഭാഷണപരമ്പരയും നടത്തും. വിദ്യാഭ്യാസരംഗത്തെ പ്രഗല്ഭരാണ് പ്രഭാഷണംനടത്തുക.
Content Highlights: curriculum framework Kerala