ആറാംക്ലാസിലെ എൻസിഇആർടി സാമൂഹികശാസ്ത്രപഠനത്തിൽ ‘സഹകരണം’ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ

തിരുവനന്തപുരം: ‘സഹകരണം’ സ്കൂൾപാഠ്യവിഷയമാക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. എൻസിഇആർടി പാഠ്യപദ്ധതിയിൽ ആറാംക്ലാസിലെ സാമൂഹികശാസ്ത്ര പഠനത്തിലായിരിക്കും ‘സഹകരണം’ ഉൾപ്പെടുത്തുക. അടുത്ത അധ്യയനവർഷംമുതൽ സഹകരണം ഉൾപ്പെടുത്തിയുള്ള പാഠപുസ്തകം പഠിപ്പിക്കും.
എന്നാൽ, ഹയർസെക്കൻഡറിയിലൊഴികെ എൻസിഇആർടി പാഠഭാഗം അതേരീതിയിൽ കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. അതിനാൽ, കേരളത്തിലെ വിദ്യാലയങ്ങളിൽ തത്‌കാലം സഹകരണം പഠിപ്പിക്കില്ല.
സഹകരണം പാഠ്യവിഷയമാക്കണമെന്ന് കേരളത്തിലടക്കം നേരത്തേ ആവശ്യമുയർന്നിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മറ്റൊരു സംസ്ഥാനത്തും നിലവിൽ സഹകരണം പാഠ്യവിഷയമാക്കിയിട്ടില്ല. കുട്ടികളിൽ സഹകരണമേഖലയെക്കുറിച്ചുള്ള അറിവുവളർത്താനാണ് പുതിയതീരുമാനമെന്ന് സഹകരണമന്ത്രാലയം അവകാശപ്പെട്ടു. തുടക്കത്തിൽ ആറാംക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്നക്ലാസുകളിലെയും പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്താനാണ് തീരുമാനം. സ്കൂൾ, കോളേജ് തലത്തിൽ സഹകരണമേഖലയെ അടിസ്ഥാനമാക്കി നൈപുണി കോഴ്‌സുകൾ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പുതിയതായി തുടങ്ങിയ ദേശീയ സഹകരണസർവകലാശാലയായിരിക്കും പാഠ്യരീതിയും കോഴ്‌സും തയ്യാറാക്കുക.
Content Highlights: Cooperation as School Subject in India