സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ, കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (എസ്ബിടിഇ) അഫിലിയേഷനുള്ള 17 സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ജിസിഐ) നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാമിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീസ് 805 രൂപയാണ്.
മണ്ണന്തല (തിരുവനന്തപുരം), പുനലൂർ, ആലപ്പുഴ, ഏറ്റുമാനൂർ, പാല, കാഞ്ചിയാർ (ഇടുക്കി), എറണാകുളം, കോതമംഗലം, പോത്താനിക്കാട് (എറണാകുളം), മാള, പാലക്കാട്, കല്ലാച്ചി (കോഴിക്കോട്), കൊയിലാണ്ടി, മഞ്ചേരി, മീനങ്ങാടി (വയനാട്), തളിപ്പറമ്പ്, കണ്ണപുരം എന്നീ കേന്ദ്രങ്ങളിലാണ് ജിസിഐ ഉള്ളത്.
പ്രോഗ്രാം, പാഠ്യപദ്ധതി
രണ്ടുവർഷം ദൈർഘ്യമുള്ള പ്രോഗ്രാമിൽ, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ആൻഡ് വേഡ് പ്രോസസിങ്, മലയാളം ടൈപ്പ് റൈറ്റിങ് ആൻഡ് വേഡ് പ്രോസസിങ്, ഇംഗ്ലീഷ് ഷോർട് ഹാൻഡ് എന്നിവയിൽ ഹയർ ഗ്രേഡും മലയാളം ഷോർട് ഹാൻഡ്, ഹിന്ദി ടൈപ്പ് റൈറ്റിങ് എന്നിവയിൽ ലോവർ ഗ്രേഡും, ഡിടിപി (ഇംഗ്ലീഷ് ആൻഡ് മലയാളം), കംപ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ അക്കൗണ്ടിങ്, പൈത്തൺ പ്രോഗ്രാമിങ്, എന്നിവ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തി ഡേറ്റാ എൻട്രി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് കറസ്പോണ്ടൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് ഉള്ളത്.
യോഗ്യത, അപേക്ഷ
ഉന്നതപഠനത്തിനുള്ള അർഹതയോടെ, എസ്എസ്എൽസി/തത്തുല്യ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. polyadmission.org/gci/ വഴി ജൂൺ 30-നകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കണം. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 50 രൂപയും. ഒന്നിൽക്കൂടുതൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ, സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത്, പ്രത്യേകം ഓപ്ഷനുകൾ അപേക്ഷയിൽ നൽകണം. പട്ടികജാതി, പട്ടികവർഗം, എസ്ഇബിസി, ഒഇസി വിഭാഗക്കാർക്ക് സംസ്ഥാനസർക്കാർ തീരുമാനങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാക്കും.
തൊഴിലവസരങ്ങൾ
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യമേഖലകളിൽ ടൈപ്പിസ്റ്റ്, കോൺഫിഡെൻഷ്യൽ അസിസ്റ്റൻറ്്, പേഴ്സണൽ അസിസ്റ്റൻറ്്, പേഴ്സണൽ സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ക്ലാർക്ക് ടൈപ്പിസ്റ്റ്, ജിസിഐയിലെ അസിസ്റ്റൻറ്് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ, സൂപ്രണ്ട് തുടങ്ങിയ തൊഴിലവസരങ്ങൾ ലഭിക്കാം.
Content Highlights: Computer Application and Secretarial Practice in Government Commercial Institutes