ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 15

യുജിസി അംഗീകാരമുള്ള സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പ്രതിമാസം 20,000 രൂപ വീതം ഒരുവർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർവകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്തവരാകണം. അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർചെയ്തിട്ടുള്ള റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. 30 ശതമാനം ഫെലോഷിപ്പുകൾ പെൺകുട്ടികൾക്കായും അഞ്ചുശതമാനം ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കും. പ്രായം 40 വയസ്സിൽ കവിയരുത്. ന്യൂനപക്ഷ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in | 0471 2300523, 2300524, 2302090.
Content Highlights: Kerala CM`s Research Fellowship for minority students. Get Rs. 20,000/month. Apply by Jan 15th.