വേഷം മാറാൻ വിഗ്ഗും മുഖംമൂടിയും ഹെയര്‍ ബാന്‍ഡും‌; പെൺകുട്ടിയ്ക്ക് പകരം പരീക്ഷയ്ക്കെത്തി ആൺകുട്ടി

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ആള്‍മാറാട്ടം നടത്തി വോട്ട് ചെയുന്ന കഥ പലര്‍ക്കും പരിചിതമാണ്. ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി മറ്റൊരാളെ കൊണ്ട് പരീക്ഷ എഴുതിച്ച സംഭവം ശ്രദ്ധനേടുകയാണ്. പെണ്‍കുട്ടിയുടെ വേഷംധരിച്ച് ആള്‍മാറാട്ടം നടത്തിയാണ് പുരുഷ വിദ്യാര്‍ഥിയെത്തിയത്. 

വുഹാനിലെ സോങ്നാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് ലോയില്‍ നിന്നുള്ള പുരുഷ വിദ്യാര്‍ത്ഥിയാണ് മറ്റൊരു വനിതാ വിദ്യാര്‍ത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാന്‍ വേഷം ധരിച്ച് എത്തിയതെന്ന് സൗത്ത് ചൈനാ മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹുബെ പ്രവിശ്യയിലെ വുഹാനില്‍ നടന്ന സംഭവത്തില്‍, പുരുഷ വിദ്യാര്‍ത്ഥി വിഗ്ഗും മുഖംമൂടിയും ഹെയര്‍ ബാന്‍ഡും ധരിച്ചാണ് അഡ്വാന്‍സ്ഡ് അക്കൗണ്ടിംഗ് പരീക്ഷ എഴുതാന്‍ എത്തിയത്. 

ലി എന്ന വിളിപ്പേരുള്ള വിദ്യാര്‍ത്ഥിനി, പുരുഷ വിദ്യാര്‍ത്ഥിയെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് തനിക്ക് വേണ്ടി പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സേവനത്തിന് പണം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.പുരുഷ വിദ്യാര്‍ത്ഥി വനിതാ വേഷം ധരിച്ച് പരീക്ഷ എഴുതുന്നതിനിടെ, പരീക്ഷാ കണ്‍ട്രോളര്‍ക്ക് വേഷത്തില്‍ സംശയം തോന്നി. വിഗ് അഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി വിസമ്മതിച്ചു. പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി  തിരിച്ചറിഞ്ഞതോടെ, വേഷം മാറി വന്ന വിദ്യാര്‍ഥി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

നിയമലംഘനത്തിന് ലി എന്ന വിദ്യാര്‍ത്ഥിനിയെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുരുഷ വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ ഐഡന്റിറ്റി യൂണിവേഴ്‌സിറ്റിയും പ്രാദേശിക അധികാരികളും പുറത്തുവിട്ടിട്ടില്ല. 

ചൈനയിലെ അക്കാദമിക മേഖലയിലെ സമ്മര്‍ദ്ദം കൂടുതലാണെന്നും ഇതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് മറ്റ് വഴികള്‍ തേടേണ്ടി വരുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ചൈനയിലെ വിദ്യാഭ്യാസരീതി കടുത്ത മത്സരാത്മകതയ്ക്ക് പേര് കേട്ടതാണ്. 


 

Content Highlights: A male student disguised himself as a woman to take an exam for another student at Wuhan University