വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി: ദീപ്തി മുഖർജി പുതിയ സെക്രട്ടറിയാകും

#Education desk
ദീപ്തി ഗൗർ മുഖർജി| Photo: X/@@MBureaucrats
ദീപ്തി ഗൗർ മുഖർജി| Photo: X/@@MBureaucrats

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ വീണ്ടും ഉദ്യോഗസ്ഥ അഴിച്ചുപണി. ജൂലൈ 23-ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച നരേഷ് പാൽ ഗംഗ്വാറിനെ മാറ്റി, കമ്പനികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന ദീപ്തി ഗൗർ മുഖർജിയെ പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര സർക്കാർ നിയമിച്ചു. മുൻ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ടാണ് കാബിനറ്റ് നിയമന സമിതിയുടെ പുതിയ തീരുമാനം.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നീറ്റ്-യു.ജി പരീക്ഷകൾ റദ്ദാക്കിയതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി  പ്രതിഷേധം നേരിടുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം.

നിയമനവും വിവാദങ്ങളും

നേരത്തെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിലാണ് മുൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ ഗംഗ്വാറിനെ പ്രസ്തുത പദവിയിൽ നിയമിച്ചത്. എന്നാൽ, ഗംഗ്വാറിന്റെ കുടുംബാംഗങ്ങൾക്ക് ദേശീയ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതി വഴി 1.16 കോടിയോളം രൂപയുടെ സർക്കാർ സബ്സിഡി ലഭിച്ചെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിയമനത്തിനെതിരെ വ്യാപക വിമർശനമുയർന്നു.

എം.പി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ ഈ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് 17 ദിവസത്തിന് ശേഷം ഗംഗ്വാറിനെ മാറ്റി പുതിയ നിയമനം നടത്തിയിരിക്കുന്നത്.

നീറ്റ് ചോർച്ചയും വിദ്യാർഥി പ്രതിഷേധവും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യ തലസ്ഥാനത്തടക്കം വിദ്യാർഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരവും ജെൻ-സി യുവജനങ്ങളുടെ പ്രതിഷേധവും സർക്കാരിനുമേൽ വലിയ സമ്മർദ്ദം ചെലുത്തി.

വിഷയത്തിൽ സമഗ്രമായ അന്വേഷണം സി.ബി.ഐക്ക് വിടുകയും പരീക്ഷാ സംവിധാനം പരിഷ്കരിക്കുന്നതിനായി നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമ ഭേദഗതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കി വരികയാണ്.

Content Highlights: Amid widespread protests over the NEET paper leak and corruption allegations, the Central Government has appointed Deepti Gaur Mukherjee as the new Higher Education Secretary, replacing Naresh Pal Gangwar just 17 days after his appointment.