സി.ബി.എസ്.ഇ. ഇംപ്രൂവ്മെന്റ് ഫലം: ഗൾഫിലെ വിദ്യാർഥികൾക്കായി നയമിറക്കി കേന്ദ്രം

ന്യൂഡൽഹി: സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന ഗൾഫിലെ വിദ്യാർഥികളുടെ ഫലത്തിനായി പ്രത്യേക ദേശീയനയം വിജ്ഞാപനംചെയ്ത് കേന്ദ്രസർക്കാർ. പശ്ചിമേഷ്യാസംഘർഷങ്ങൾ കാരണം ഗൾഫ് മേഖലയിൽ ചില ബോർഡ് പരീക്ഷകൾ സി.ബി.എസ്.ഇ.ക്ക് റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തിലാണിത്.
സർക്കാർ ഇക്കാര്യമറിയിച്ചതിനെത്തുടർന്ന് പരീക്ഷാഫലത്തിനായി സൗദിയിൽനിന്നുള്ള പന്ത്രണ്ടാം ക്ലാസ് പ്രൈവറ്റ് വിദ്യാർഥി നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് നേരത്തേ കോടതി കേന്ദ്രത്തോടു നിർദേശിച്ചിരുന്നു.
ഈ വർഷം സ്കൂളിൽപ്പോയ വിദ്യാർഥികൾക്ക് അധ്യയനവർഷത്തിലെ മുൻപരീക്ഷകളിലെ പ്രകടനം കണക്കിലെടുത്ത് മാർക്കിട്ടാണ് ഫലം പ്രഖ്യാപിച്ചത്. ഇതിനുസമാനമായി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പ്രൈവറ്റായി അപേക്ഷിച്ച വിദ്യാർഥികൾക്ക് പത്താംക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് നേടിയ തിയറി മാർക്കിന്റെ 60 ശതമാനവുമെടുത്ത് മാർക്ക് കണക്കുകൂട്ടും.
പത്താംക്ലാസ് ഇംപ്രൂവ്‌മെന്റിന് അപേക്ഷിച്ചവർക്ക് മുൻ ബോർഡ് പരീക്ഷയിൽ കൂടുതൽ മാർക്കുനേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കെടുത്ത് ക്രമാനുസരണമാക്കിയാകും കണക്കുകൂട്ടൽ. ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഇത്തരത്തിൽ പ്രഖ്യാപിച്ചതായും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും പ്രധാന ഹർജിയിൽ ആവശ്യമുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പരാതികളുണ്ടെങ്കിൽ നിയമപ്രകാരം സി.ബി.എസ്.ഇ.യെ സമീപിക്കാൻ നിർദേശിച്ച് ഹർജി കോടതി തീർപ്പാക്കി. ജസ്റ്റിസുമാരായ എസ്.വി.എൻ. ഭാട്ടി, വിപുൽ എം. പഞ്ചോളി എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Content Highlights: New national policy issued for Gulf-based CBSE private students., Result calculation based on a 40:60 ratio of 10th and 12th-grade theory marks., Supreme Court disposes of the petition following government notification., Students retain the right to approach CBSE for re-evaluation if dissatisfied.