CBSE പ്ലസ്ടു റീ-വാല്യുവേഷന് അപേക്ഷിക്കാം; വിവാദങ്ങൾക്കിടെ ഫീസുകൾ കുറച്ച് ബോർഡ്

#എഡ്യൂക്കേഷന്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഈ വർഷത്തെ പ്ലസ്ടു ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടയിൽ സിബിഎസ്ഇ പ്ലസ്ടു റീ-വാല്യുവേഷൻ വിൻഡോ തുറന്നു. എത്രപേർ റീ-വാല്യുവേഷന് അപേക്ഷ നൽകാൻ തയ്യാറാകുമെന്ന് വ്യക്തമല്ല. ഇതുവരെ നാല് ലക്ഷത്തിലധികം പേർ answer scripts ലഭിക്കുന്നതിനും 11 ലക്ഷത്തിലധികം പേർ answer book ലഭിക്കുന്നതിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്‌ക്രിപ്റ്റുകളിൽ പിഴവ് കണ്ടെത്തുന്ന വിദ്യാർഥികൾക്ക് മാർക്ക് പരിശോധനയുമായോ റീ-വാല്യുവേഷനുമായോ മുന്നോട്ട് പോകാം.

സിബിഎസ്ഇ പ്ലസ്ടു ബോർഡ് പരീക്ഷകൾക്കായി ഓൺ-സ്‌ക്രീൻ മാർക്കിങ് (OSM) സംവിധാനം അവതരിപ്പിച്ചതിന് ശേഷമാണ് ഈ വർഷത്തെ മൂല്യനിർണയ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളും വ്യാപകമായ ആശങ്കയും ഉയർന്നത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. പിന്നാലെയാണ് റീവാല്യുവേഷൻ വിൻഡോ തുറക്കുന്നത്.

ഫീസ് കുറച്ച് സിബിഎസ്ഇ

വ്യാപക വിമർശനങ്ങളെത്തുടർന്ന് മാർക്ക് പരിശോധന അടക്കമുള്ളവയുടെ ഫീസ് സിബിഎസ്ഇ ഗണ്യമായി കുറച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത കോപ്പി ഒരു വിഷയത്തിന് 100 രൂപയും, മാർക്ക് പരിശോധന ഒരു വിഷയത്തിന് 100 രൂപയും, റീവാല്യുവേഷൻ ഒരു ചോദ്യത്തിന് 25 രൂപയും ഈടാക്കും ഈടാക്കും.

നേരത്തെ സ്‌കാൻ ചെയ്ത കോപ്പികൾക്ക് 700 രൂപ, പരിശോധനയ്ക്ക് 500 രൂപ, റീവാല്യുവേഷൻ ഒരു ചോദ്യത്തിന് 100 രൂപ എന്നിങ്ങനെ ആയിരുന്നു ഫീസ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

ഔദ്യോഗിക സിബിഎസ്ഇ പോർട്ടൽ വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം:

ഘട്ടം 1: സ്‌കാൻ ചെയ്ത ഉത്തരക്കടലാസ് നേടുക: വിദ്യാർഥികൾ ആദ്യം അവരുടെ മൂല്യനിർണ്ണയം നടത്തിയ ഉത്തരപുസ്തകത്തിന്റെ സ്‌കാൻ ചെയ്ത കോപ്പി ലഭ്യമാക്കണം.

ഘട്ടം 2: സ്‌ക്രിപ്റ്റ് ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക: എല്ലാ ഉത്തരങ്ങളും മൂല്യനിർണ്ണയം നടത്തിയോ, ശരിയായി കണക്കാക്കിയോ, ഏതെങ്കിലും പേജുകൾ കാണുന്നില്ലേ, അല്ലെങ്കിൽ ഉത്തരങ്ങൾ പരിശോധിക്കാതെ വിട്ടോ എന്ന് പരിശോധിക്കാം.

ഘട്ടം 3: മാർക്ക് പരിശോധനയ്ക്ക് അപേക്ഷിക്കുക: എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, പരിശോധന ആവശ്യപ്പെടാം.

ഘട്ടം 4: റീ-വാല്യുവേഷന് അപേക്ഷിക്കുക: മാർക്ക് കൃത്യമായി രേഖപ്പെടുത്താതെ കുറച്ചുവെന്ന് കരുതുന്ന ചോദ്യങ്ങൾക്ക് റീ-വാല്യുവേഷനായി അവർക്ക് അപേക്ഷിക്കാം.

റീ-വാല്യുവേഷന് ശേഷം മാർക്ക് വർദ്ധിക്കുകയോ കുറയുകയോ അല്ലെങ്കിൽ മാറ്റമില്ലാതെ തുടരുകയോ ചെയ്യാമെന്നും, പരിഷ്‌കരിച്ച സ്‌കോർ അന്തിമമായി കണക്കാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: CBSE Class 12 re-evaluation window is officially open for students., Over 11 lakh answer scripts requested amid OSM system concerns., Significant reduction in re-evaluation and verification fees implemented., Step-by-step guide provided for accessing scripts and filing for re-evaluation., Board addresses transparency concerns and technical glitches regarding digital evaluation.