CBSE 10, 12 ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 17 മുതല്‍: താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ), 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി. പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 2026 ഏപ്രില്‍ 9-നും അവസാനിക്കും.
പത്താം ക്ലാസ്സിന് രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകും. രണ്ടാമത്തെ പരീക്ഷ മെയ് 15-ന് ആരംഭിച്ച് 2026 ജൂണ്‍ 1-ന് അവസാനിക്കും.
പത്താം ക്ലാസ് അഥവാ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷകള്‍ ഫെബ്രുവരി 17-ന് രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ നടക്കുന്ന മാത്തമാറ്റിക്‌സ് സ്റ്റാന്‍ഡേര്‍ഡ്, ബേസിക് പരീക്ഷകളോടെ ആരംഭിക്കും. ഭാഷ, സംഗീതം എന്നീ വിഷയങ്ങളോടെയായിരിക്കും പത്താം ക്ലാസ് പരീക്ഷകള്‍ അവസാനിക്കുക. പന്ത്രണ്ടാം ക്ലാസ് അഥവാ സീനിയര്‍ സ്‌കൂള്‍ പരീക്ഷ, ഫെബ്രുവരി 17-ന് രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ബയോടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്, ഹിന്ദി) വിഷയങ്ങളോടെ ആരംഭിച്ച്, സംസ്‌കൃതം, ഡാറ്റാ സയന്‍സ്, മള്‍ട്ടിമീഡിയ വിഷയങ്ങളോടെ അവസാനിക്കും.
2026-ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തെ 26 രാജ്യങ്ങളില്‍ നിന്നുമായി 10, 12 ക്ലാസുകളിലെ 204 വിഷയങ്ങളില്‍ ഏകദേശം 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. നിലവിലെ ടൈംടേബിള്‍ താല്‍ക്കാലികമാണെന്നും, സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ അന്തിമ പട്ടിക സമര്‍പ്പിച്ചതിന് ശേഷം അന്തിമ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: CBSE announces tentative dates for Class 10 & 12 board exams 2026. Exams start Feb 17. Check exam schedule