ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുമതി

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ സർവകലാശാല അനുമതി നൽകി. മലയാള ഐക്യവേദി സെക്രട്ടറി വി. വൈഷ്ണവി ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടിയുണ്ടായത്. സോഷ്യോളജി (യു.ജി., പി.ജി.), ഇക്കണോമിക്സ് (യു.ജി., പി.ജി.), പൊളിറ്റിക്കൽ സയൻസ് (യു.ജി., പി.ജി.) ഹിസ്റ്ററി (യു.ജി., പി.ജി.), ഇന്റഗ്രേറ്റഡ് എം.എ. പൊളിറ്റിക്സ് ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസ്, ബി.എ. ഇസ്‌ലാമിക് ഫിനാൻസ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എം.എ. ഇസ്‌ലാമിക് ഇക്കണോമിക്സ്, ബി.വോക്. ഇസ്‌ലാമിക് ഫിനാൻസ്, എം.എ. ഇസ്‌ലാമിക് ഹിസ്റ്ററി, എം.എ. ഫോക്‌ലോർ, ഇസ്‌ലാമിക് സ്റ്റഡീസ് (യു.ജി., പി.ജി.), സോഷ്യൽവർക്ക് (ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു), എം.എ. മ്യൂസിക്, ബി.എസ്‌സി. മാത്തമാറ്റിക്സ്, മൈക്രോബയോളജി (യു.ജി., പി.ജി.), ബി.എഡ്. എന്നീ കോഴ്‌സുകളുടെ പരീക്ഷകൾ മലയാളത്തിലും എഴുതാനാണ് തീരുമാനമായത്.

ബി.ബി.എ., ബി.ടെക്., ബി.ആർക്., എം.സി.എ. ബി ഡെസ്, എം ഡെസ് തുടങ്ങിയ കോഴ്‌സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ നിർവാഹമില്ലെന്നും മറ്റുകോഴ്‌സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതുന്ന വിഷയം വിവിധ ബോർഡുകളുടെ പരിഗണനയിലാണെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ നിവേദനത്തിനുള്ള മറുപടിയിൽ അറിയിച്ചു.