ബിറ്റ്‌സ് ഡിസൈന്‍ സ്‌കൂളില്‍ നാല് വര്‍ഷ ഓണേഴ്‌സ്; അപേക്ഷിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ബിറ്റ്‌സ് പിലാനിയുടെ കീഴിലുള്ള ബിറ്റ്‌സ് ഡിസൈന്‍ സ്‌കൂള്‍ (BITSDES), 2026-30 ബാച്ചിലേക്കുള്ള നാല് വര്‍ഷത്തെ ഓണേഴ്‌സ് പ്രോഗ്രാമിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഫിസിക്കല്‍ പ്രൊഡക്ട് ഡിസൈന്‍, ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈന്‍, വിഷ്വല്‍ ഡിസൈന്‍ എന്നീ മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 1 ആണ്.

ഈ വര്‍ഷം 180 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരിക്കുന്നത്. അപേക്ഷകര്‍ വിവിധ ഡിസൈന്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന UCEED, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (DAT), അല്ലെങ്കില്‍ BITS ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (BITSDAT) എന്നിവ വഴി യോഗ്യത നേടണം. NID- DAT അല്ലെങ്കില്‍ UCEED സ്‌കോറുകള്‍ ഉപയോഗിച്ച് അപേക്ഷിക്കുന്നവര്‍ അവരുടെ റോള്‍ നമ്പറുകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ടെസ്റ്റായ BITSDAT, 2026 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ നടത്തും. ഫെബ്രുവരി 1-നകം അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ, 2026 ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 12 വരെ പോര്‍ട്ടല്‍ തുറക്കുമ്പോള്‍ അവരുടെ പ്രവേശന പരീക്ഷാ സ്‌കോറുകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ യോഗ്യതയുണ്ടാവുകയുള്ളൂ.

തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടിക 2026 ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകര്‍ ഏപ്രില്‍ 16-നും ഏപ്രില്‍ 20-നും ഇടയില്‍ അവരുടെ പോര്‍ട്ട്ഫോളിയോകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് മെയ് 2 മുതല്‍ മെയ് 12 വരെ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കും. അന്തിമ ഫലം 2026 മെയ് 18-ന് പ്രഖ്യാപിക്കും. സാങ്കേതിക വിദ്യ, ബിസിനസ്, എന്നീ മേഖലകളെ ഡിസൈനിങുമായി സംയോജിപ്പിക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ പാഠ്യപദ്ധതി.

Content Highlights: BITS Design School (BITSDES) invites applications for its 4-year B.Des program (2026-30) in Product & Visual Design. Apply by Feb 1, 2026.