സ്വപ്നങ്ങള്‍ക്ക് ബെല്ലടിച്ച് ബസ് കണ്ടക്ടറായ അമ്മ, ട്രിപ്പിള്‍ ഗോള്‍ഡ് മെഡല്‍ നേട്ടത്തില്‍ അനഘ

എം.ജി. രാജശ്രീയും മകൾ അനഘയും
എം.ജി. രാജശ്രീയും മകൾ അനഘയും

തൃശ്ശൂര്‍: ബസ് കണ്ടക്ടറായി ജോലി ചെയ്ത് മകളെ മതിയാവോളം പഠിക്കാനനുവദിച്ച അമ്മയ്ക്ക് മകള്‍ സമ്മാനിച്ചത് റാങ്ക് മധുരം. തിരുനെല്‍വേലിയിലെ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയില്‍നിന്ന് എം.എസ്സി. ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് സയന്‍സില്‍ മൂന്ന് സ്വര്‍ണമെഡലോടെ ഒന്നാംറാങ്ക് നേടിയ അനഘയാണ് അമ്മയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. 92 ശതമാനം മാര്‍ക്കുണ്ട്.

കെ.എസ്.ആര്‍.ടി.സി.യുടെ തൃശ്ശൂര്‍ ഡിപ്പോയിലെ കണ്ടക്ടറാണ് അനഘയുടെ അമ്മ എം.ജി. രാജശ്രീ. മറ്റാരുടെയും തുണയില്ലാതെയാണ് മക്കളായ അനഘയെയും പ്ലസ് വണ്‍ വിദ്യാര്‍ഥി അനഞ്ജയയെയും പഠിപ്പിക്കുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ഥി എം.എസ്സി. ക്രിമിനോളജിയില്‍ ട്രിപ്പിള്‍ ഗോള്‍ഡ് മെഡല്‍ നേടുന്നത്. ഒക്ടോബര്‍ 26-ന് സര്‍വകലാശാലയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ബിരുദദാനം നിര്‍വഹിച്ചു. തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ ബി.എസ്സി. ക്രിമിനോളജി ഒന്നാം ബാച്ചിലാണ് അനഘ പഠിച്ചത്. തൃശ്ശൂര്‍ മിണാലൂരിലാണ് രാജശ്രീയും മക്കളും താമസിക്കുന്നത്.

Content Highlights: anagha, girl from thrissue won triple gold medal from manonmaniam sundaranar university