ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ വിദൂരപഠന കോഴ്‌സുകൾ, പ്രവേശനത്തിന് അപേക്ഷിക്കാം

#ഡോ. എസ്. രാജൂകൃഷ്ണൻ
Representative image: AI Image
Representative image: AI Image

ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല(കൊല്ലം), ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ) രീതിയിൽ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഹ്രസ്വകാല സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ 2025-’26 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ കാരണങ്ങളാൽ ഒരു കോളേജിൽ ചേർന്ന് പഠിക്കാൻ കഴിയാതെ പോകുന്നവർക്ക് പ്രത്യേകമായി സ്ഥാപിച്ചിട്ടുള്ള ഓപ്പൺ സർവകലാശാല നടത്തുന്ന പ്രോഗ്രാമുകളിൽ ചേർന്ന് ബിരുദം നേടാം.

സവിശേഷതകൾ

2020-ൽ കേരളത്തിൽ സ്ഥാപിതമായ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി)-ന്റെ കീഴിലുള്ള ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ (ഡിഇബി) അംഗീകാരമുള്ള യുജി, പിജി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പ്രോഗ്രാമുകൾ പരമ്പരാഗത രീതിയിൽ നടത്തുന്ന െറഗുലർ കോഴ്‌സുകൾക്ക് തത്തുല്യമായി യുജിസി അംഗീകരിച്ചിട്ടുണ്ട്. സർവകലാശാല നൽകുന്ന ബിരുദം അടിസ്ഥാനമാക്കി പഠിതാക്കൾക്ക് ഉന്നത പഠനം, പിഎസ്‍സി, യുപിഎസ്‍സി, ഉൾപ്പെടെയുള്ള ഏജൻസികളുടെ തൊഴിൽ, തിരഞ്ഞെടുപ്പു പ്രക്രിയ എന്നിവയിൽ പങ്കെടുക്കാൻ അർഹത ലഭിക്കുന്നു.

യുജിസി മാർഗനിർദേശങ്ങൾക്കനുസരിച്ച്, യുജി/പിജി തലത്തിൽ ഒരേ സമയം, രണ്ടു പ്രോഗ്രാമുകൾ ചെയ്യാൻ സർവകലാശാല അവസരമൊരുക്കുന്നു. സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലയിൽ/അഫിലിയേറ്റഡ് കോളേജിൽ ഒരു റെഗുലർ യുജി/പിജി പ്രോഗ്രാമിൽ എൻ‌റോൾ ചെയ്യപ്പെടുന്ന ഒരാൾക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഒരു പ്രോഗ്രാം അതോടൊപ്പം പഠിക്കാം. തിരിച്ചും പഠിക്കാം. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ എന്തുകൊണ്ട് അത് ലഭ്യമല്ല എന്നു വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം നൽകിയാൽ മതി. പ്രായപരിധിയില്ല. സർക്കാർജീവനക്കാർക്കും അനുമതിയോടെ പഠിക്കാം. ദൂരപരിധി വ്യവസ്ഥ ഒഴിവാക്കി.

കോഴ്‌സുകളും പ്രവേശന യോഗ്യതയും

(a) നാലു വർഷ (എട്ട് സെമസ്റ്റർ) യുജി പ്രോഗ്രാമുകൾ (എഫ് വെയുജിപി): ബിഎ: ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബിബിഎ, ബി.കോം. മൂന്നു വർഷം വിജയകരമായി പൂർത്തിയാക്കി യുജി ബിരുദവുമായി പുറത്തു വരാം (എക്‌സിറ്റ് ഓപ്ഷൻ)

(b) മൂന്നു വർഷ (ആറ് സെമസ്റ്റർ) യുജി : ബിഎ. അഫ്‌സൽ ഉൽ ഉലാമ, അറബിക്, ഹിന്ദി, സാൻസ്‌ക്രിറ്റ്, ഇക്കണോമിക്‌സ്, നാനോ ഒാൺട്രപ്രനേർഷിപ്പ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ബിസിഎ, ബിഎസ്‌സി േഡറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്

യോഗ്യത: പ്രവേശനം തേടുന്നവർ കേരള സർക്കാർ അംഗീകാരമുള്ള പ്ലസ് ടു തല ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിച്ചിരിക്കണം. യോഗ്യത, ഔപചാരിക സ്കൂൾ പഠനം വഴിയോ ഓപ്പൺ സംവിധാനം വഴിയോ തത്തുല്യ രീതിയിലോ ഉള്ളതാകാം.

(c) രണ്ടു വർഷ (നാല് സെമസ്റ്റർ) പിജി: എംഎ.: അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സാൻസ്‌ക്രിറ്റ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി, എംകോം. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഉള്ള ഏതെങ്കിലും ബിരുദം വേണം.

എംബിഎ, എംസിഎ പ്രോഗ്രാമുകളിലെ പ്രവേശന വിജ്ഞാപനം പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

സ്റ്റേറ്റ്/സെൻട്രൽ/ഓപ്പൺ യൂണിവേഴ്‌സിറ്റികൾ/സ്ഥാപനങ്ങൾ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങളിൽനിന്ന്‌ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് വാങ്ങിയ തുല്യതാ സർട്ടിഫിക്കറ്റ്, പ്രവേശന സമയത്ത്/പരിശോധനാ വേളയിൽ ഹാജരാക്കണം.

മേഖലാ കേന്ദ്രങ്ങൾ, ലേണർ സപ്പോർട്ട് സെന്ററുകൾ

മേഖലാ കേന്ദ്രങ്ങൾ: പ്രവേശനം, കോഴ്‌സ് തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കാനായി കണ്ണൂർ (ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി), കോഴിക്കോട് (ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്), പാലക്കാട് (എസ്എൻജിഎസ് കോളേജ്, പട്ടാമ്പി), എറണാകുളം (ഗവൺമെന്റ് ആർട്‌സ് കോളേജ്, തൃപ്പൂണിത്തുറ), എന്നിവിടങ്ങളിലും കൊല്ലത്തും (അക്കാദമിക് ബ്ലോക്ക്, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി) മേഖലാ സെന്ററുകൾ ഉണ്ട്.

ലേണർ സപ്പോർട്ട് സെന്റർ: പ്രോഗ്രാമുകളുടെ പഴ്‌സണൽ കോണ്ടാക്ട് പ്രോഗ്രാമുകളും കൗൺസലിങ് സെഷനുകളും ക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ലേണർ സപ്പോർട്ട് സെന്ററുകളിലാണ് (എൽഎസ്‍സി).

കോളേജുകളിലാണ് എൽഎസ്‍സി പ്രവർത്തിക്കുന്നത്. നിശ്ചിത പ്രോഗ്രാമുകളാണ് ഓരോ കേന്ദ്രത്തിലും ലഭിക്കുക. അപേക്ഷ നൽകുന്ന വേളയിൽ കൗൺസലിങ്/സ്റ്റഡി സെഷനിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള ജില്ല തിരഞ്ഞെടുക്കാം. തുടർന്ന് സൗകര്യപ്രദമായ ലേണർ സപ്പോർട്ട് സെന്റർ തിരഞ്ഞെടുക്കാൻ അവസരം നൽകും.

എൽഎസ്‌സികൾ/കോളേജുകൾ ജില്ല തിരിച്ച് (2025-26 പ്രവേശനം നേടുന്നവർക്ക്)

• തിരുവനന്തപുരം - ഗവ. സാൻസ്‌ക്രിറ്റ് പാളയം, നാഷണൽ കല്ലാറ്റുമുക്ക്, മാർ ഇവാനിയോസ് തിരുവനന്തപുരം, കേരള ഹിന്ദി പ്രചാർ സഭ വഴുതക്കാട്, കോളേജ് ഓഫ് എൻജിനിയറിങ് (ഐഎച്ച്ആർഡി) ആറ്റിങ്ങൽ

• കൊല്ലം- ടികെഎം ആർട്‌സ് ആൻഡ് സയൻസ് കരിക്കോട്, ഫാത്തിമ മാതാ നാഷണൽ കോളേജ്‌, കൊല്ലം, കോളേജ് ഓഫ് എൻജിനിയറിങ് (ഐഎച്ച്ആർഡി) കൊട്ടാരക്കര

• ആലപ്പുഴ-എംഎസ്എം കായംകുളം, കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് (കേപ്) പുന്നപ്ര

• പത്തനംതിട്ട-കോളേജ് ഓഫ് എൻജിനിയറിങ് (കേപ്) ആറന്മുള

• കോട്ടയം - ഗവൺമെന്റ് കോളേജ് നാട്ടകം, ദേവമാതാ കുറവിലങ്ങാട്

• ഇടുക്കി - ഗവ. കോളേജ് കട്ടപ്പന

• എറണാകുളം- മഹാരാജാസ് എറണാകുളം, ശ്രീ ശങ്കര വിദ്യാപീഠം പെരുമ്പാവൂർ, ശ്രീ ശങ്കര കാലടി, മോഡൽ എൻജിനിയറിങ് തൃക്കാക്കര.

• തൃശ്ശൂർ - പാറമേക്കാവ് ആർട്‌സ് ആൻഡ്‌ സയൻസ് പൂങ്കുന്നം

• പാലക്കാട് - ഗവ. വിക്ടോറിയ പാലക്കാട്, എസ്എൻജിഎസ് കോളേജ് പട്ടാമ്പി, മൗണ്ട് സീന ആർട്‌സ് ആൻഡ് സയൻസ് അകലൂർ, എംഇഎസ് ആർട്‌സ് ആൻഡ് സയൻസ് പട്ടാമ്പി

• മലപ്പുറം - പിടിഎം ഗവ.കോളേജ് പെരിന്തൽമണ്ണ, എംഇഎസ് പൊന്നാനി, െജംസ് ആർട്‌സ് ആൻഡ് സയൻസ് രാമപുരം, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ

• കോഴിക്കോട്- സികെജിഎം ഗവ. കോളേജ് പേരാമ്പ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐഎച്ച്ആർഡി) കിളിയനാട്, ജെഡിടി ഇസ്‌ലാം ആർട്‌സ് ആൻഡ്‌ സയൻസ് വെള്ളിമാടുകുന്ന്, എംഇഎസ് ആർട്‌സ് ആൻഡ് സയൻസ് ചാത്തമംഗലം

• വയനാട്- എൻഎംഎസ്എം ഗവ. കോളേജ് കൽപ്പറ്റ, ഗവ. കോളേജ് മാനന്തവാടി, സെയ്‌ന്റ് മേരീസ് സുൽത്താൻ ബത്തേരി

• കണ്ണൂർ - സെയ്‌ന്റ് ജോസഫ്‌സ് പിലാത്തറ, കോളേജ് ഓഫ് എൻജിനിയറിങ് (കേപ്) തലശ്ശേരി

• കാസർകോട്് - നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കാഞ്ഞങ്ങാട്

പ്രോഗ്രാം ഫീസ്

നിലവിലുള്ള സെമസ്റ്റർ ട്യൂഷൻ ഫീ (രൂപ): 3/4 വർഷ ബിഎ/ബികോം -2860, ബിബിഎ -3660, ബിസിഎ -4660, ബിഎസ്‌സി േഡറ്റാ സയൻസ് ആൻഡ് അനലറ്റിക്‌സ് -8000.

എംഎ/എംകോം സെമസ്റ്റർ ട്യൂഷൻ ഫീ -3500 രൂപ. എല്ലാ പ്രോഗ്രാമുകൾക്കും മറ്റ് ചില ഫീസുകളും ഉണ്ട്.

ഫീ സൗജന്യത്തിന് അർഹതയുള്ള ചില വിഭാഗക്കാർ പ്രവേശന സമയത്ത് ട്യൂഷൻ ഫീസ് ഒടുക്കേണ്ടതില്ല. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും. എന്നാൽ, ഇവർക്ക് ഇ- ഗ്രാന്റ്‌സ് സംവിധാനം വഴി ഫീസ് സൗജന്യം അനുവദിക്കാത്ത പക്ഷം, അവർ ട്യൂഷൻ ഫീസ് അടയ്ക്കേണ്ടി വരും. ഇവർ പ്രവേശന സമയത്ത് ബാധകമായ മറ്റു ഫീസുകൾ അടയ്ക്കണം.

പഠന രീതി

ബ്ലൻഡഡ് രീതിയിലായിരിക്കും. കോഴ്‌സിന്റെ അച്ചടിച്ച സ്റ്റഡി മെറ്റീരിയലുകൾ (തിയറി, പ്രാക്ടിക്കൽ) ലേണർ സപ്പോർട്ട് സെന്റർ വഴി ലഭ്യമാക്കും. സ്വയം പഠിക്കാവുന്ന രീതിയിലായിരിക്കും ഇവ തയ്യാറാക്കപ്പെടുന്നത്.

ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിച്ചുള്ള സെൽഫ് ലേണിങ് പഠനസാമഗ്രികളും (വെർച്വൽ ലേണിങ് മെറ്റീരിയൽസ്-വിഎൽഎം) വെർച്വൽ ബുക്ക് ഫോർമാറ്റിൽ നൽകും. ഇവ erp.sgou.ac.in/ ലെ ലേണേഴ്‌സ് ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ലേണിങ മാനേജ്‌മെന്റ് സിസ്റ്റം വഴി ഓൺലൈൻ ആയി ലഭ്യമാക്കും. എൽഡസ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭിക്കും. ഈ ഘടകത്തിൽ അധികമായി റഫറൻസ് ലിങ്കുകൾ, ഓഡിയോ/വീഡിയോ മെറ്റീരിയലുകൾ, സെൽഫ് അസസ്‌മെന്റ് ചോദ്യങ്ങൾ തുടങ്ങിയവയും ഉണ്ടാകും. റെക്കോഡ്ചെയ്ത വീഡിയോ സെഷനുകളും ലഭ്യമാക്കും. ലേണർ സപ്പോർട്ട് സെന്ററുകളിൽ നടത്തുന്ന കൗൺസലിങ് സെഷനുകളിൽ അക്കാദമിക് കൗൺസലർമാരുമായി സംവദിക്കാൻ പഠിതാക്കൾക്ക് അവസരം ലഭിക്കും. തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് ഓൺലൈൻ കൗൺസലിങ് സെഷനുകളും നടത്തും.

മൂല്യനിർണയം

സെൽഫ് ഇവാല്യുവേഷൻ, കണ്ടിന്യുവസ് ഇന്റേണൽ ഇവാല്യുവേഷൻ, എൻഡ് സെമസ്റ്റർ ഇവാല്യുവേഷൻ എന്നിവ വഴിയായിരിക്കും മൂല്യ നിർണയം.

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും (ആറ് മാസം ദൈർഘ്യം) അപേക്ഷിക്കാം.

(i) സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് (ഐസിടി അക്കാദമിയുമായി ചേർന്ന്)

(ii) അപ്ലൈഡ് മെഷീൻ ലേണിങ് (ടികെഎം കോളേജ് ഓഫ് എൻജിനിയറിങ് സഹകരണത്തോടെ)

(iii) കമ്യൂണിക്കേഷൻ സ്‌കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്‌സ് ഫോർ ഐഇഎൽടിഎസ് ആൻഡ് ഒഇടി (കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസ് സഹകരണത്തോടെ). പ്രവേശന യോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ഉണ്ട്.

വിശദാംശങ്ങൾ അടങ്ങുന്ന പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ് എന്നിവ www.sgou.ac.in ൽ ലഭ്യമാണ്.

Content Highlights: Apply now for UG, PG, & Certificate programs at Sree Narayanaguru Open University for 2025-26