ഭോപാൽ ഐസറിൽ ഗവേഷണം,സയൻസ്, എൻജിനിയറിങ്, സോഷ്യൽ സയൻസ് മേഖലകളിൽ അവസരം

Image: Freepik
Image: Freepik

ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ജനുവരിയിൽ തുടങ്ങുന്ന സെമസ്റ്ററിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രവേശനം നൽകുന്ന സ്ട്രീമുകളും വിഷയങ്ങളും

(i) നാച്ചുറൽ സയൻസ് സ്ട്രീം- ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസസ്, ഫിസിക്സ് (ii) എൻജിനിയറിങ് സയൻസസ് സ്ട്രീം- കെമിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് ആൻഡ്‌ കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ് ആൻഡ്‌ എൻജിനിയറിങ് (iii) ഹ്യുമാനിറ്റീസ് ആൻഡ്‌ സോഷ്യൽ സയൻസസ് സ്ട്രീം- ഇക്കണോമിക് സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ്‌ സോഷ്യൽ സയൻസസ് (കൊഗ്നിറ്റീവ് സയൻസ്, സോഷ്യൽവർക്ക് ആൻഡ് സോഷ്യോളജി)

പൊതുപ്രവേശന യോഗ്യത

എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ്/തത്തുല്യ ബിരുദമോ അല്ലെങ്കിൽ എൻജിനിയറിങ്/ടെക്നോളജി ബാച്ച്‌ലേഴ്സ് ബിരുദമോ, സയൻസ് മാസ്റ്റേഴ്സ്/തത്തുല്യ ബിരുദമോ ആർട്സ്/കൊമേഴ്സ്/അനുബന്ധ വിഷയത്തിലെ മാസ്റ്റേഴ്സ്/തത്തുല്യ ബിരുദമോ വേണം.

യോഗ്യതാ പ്രോഗ്രാമിൽ മൊത്തത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ കുറഞ്ഞത് ഏഴ് സി.ജി.പി.എ./സി.പി.ഐ. വേണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 10-ഉം ഒ.ബി.സി. എൻ.സി.എൽ./ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് അഞ്ചും ശതമാനം മാർക്ക് ഇളവ്/തത്തുല്യ ഗ്രേഡ് ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് ഇൻറർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും.ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക സ്ഥാപന വെബ്സൈറ്റിൽ ലഭ്യമാക്കും. ഇ-മെയിൽവഴി അപേക്ഷകരെ അറിയിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫണ്ടിങ് ഏജൻസിയുടെ/സ്ഥാപനത്തിന്റെ വ്യവസ്ഥകൾ പ്രകാരം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) ലഭിക്കും.

അപേക്ഷ

www.iiserb.ac.in/doaa/admission വഴി ഒക്ടോബർ 14 വരെ നൽകാം. യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർ/ഉടൻ അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്കും അപേക്ഷിക്കാം. അവർ പ്രവേശനം നേടുന്നതിനുമുൻപ്‌ യോഗ്യത നേടിയിരിക്കണം.

Content Highlights: Research at IISER 2024