അടുത്ത 50 വർഷം കൊമേഴ്സ് പ്രൊഫഷണലുകളുടേത്; പ്രാരംഭ ശമ്പളം 60,000 എന്നിട്ടും കൊമേഴ്സെടുക്കാൻ മടി

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യവും അതോടൊപ്പം കുതിച്ചുമുന്നേറുന്ന സമ്പദ് വ്യവസ്ഥയും നിരവധി തൊഴിലവസരങ്ങളാണ് കൊമേഴ്സ് രംഗത്ത് സൃഷ്ടിക്കുന്നത്. പുതിയ നിക്ഷേപങ്ങളും സംരംഭങ്ങളുമെല്ലാം കൊമേഴ്സ് പ്രൊഫഷണലുകളുടെ സാധ്യതകള്‍ അനുദിനം വര്‍ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ, അടുത്ത മുപ്പത് മുതല്‍ അന്‍പത് വര്‍ഷത്തേക്ക് സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ കൊമേഴ്സ് പ്രൊഫഷണലുകളുടെ സേവനം ഒഴിച്ചുകൂടാനാകത്തതാണ്. നിര്‍മിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുടെയും സ്വാധീനം ഉണ്ടെങ്കിലും നിരവധി സാമ്പത്തിക പ്രൊഫഷണലുകള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് കരുത്തുപകരാന്‍ അനിവാര്യമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍, നമ്മുടെ ഇടയില്‍ എത്ര വിദ്യാര്‍ഥികളാണ് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരുന്നത്? ജീവിത വിജയത്തിലേക്ക് അനായാസം വഴിതെളിക്കുന്ന കൊമേഴ്സ് മേഖല എത്ര പേരാണ് തിരഞ്ഞെടുക്കുന്നത്?
മാറുന്ന കാലഘട്ടത്തില്‍ കൊമേഴ്സ്
ഒരു കരിയര്‍ അല്ലെങ്കില്‍ കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ അതിനോടുള്ള താത്പര്യത്തോടൊപ്പം തന്നെ പ്രധാനമാണ് അത് വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ക്കും തുറന്നിടുന്ന സാധ്യതകള്‍ക്കും. ഇതിലൂടെ തന്നെ മികച്ച തൊഴിലവസരങ്ങളും ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിതവും ലഭിക്കാനാവും. നിലവിലെ സാഹചര്യത്തില്‍ കൊമേഴ്സ് കോഴ്സുകള്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒന്നാണ്. കോഴ്സ് പൂര്‍ത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് കേരളത്തില്‍ മാത്രം 60,000 മുതല്‍ 70,000 രൂപ വരെയാണ് പ്രാരംഭ ശമ്പളമായി ലഭിക്കുന്നത്. കേരളത്തിന് പുറത്ത് ശമ്പള സ്‌കെയിലില്‍ വര്‍ധനവ് ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.
താരതമ്യേന കുറഞ്ഞ ചെലവിലും ചെറിയ കാലയളവിലും പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന കൊമേഴ്സ് കോഴ്സുകള്‍ രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോള തലത്തില്‍ തന്നെ കൊമേഴ്സ് രംഗത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. കൊമേഴ്സ് ബിരുദധാരികളുടെ എണ്ണം കൂടുതലാണെങ്കിലും കൊമേഴ്സ് രംഗത്തും സാമ്പത്തിക മേഖലയിലും പ്രവര്‍ത്തിക്കാന്‍ പ്രൊഫഷണലുകള്‍ ഇല്ലായെന്നത് ഉയര്‍ന്നുവരുന്ന ആശങ്കയാണ്.
കൊമേഴ്സ് കോഴ്സുകള്‍
കൊമേഴ്സ് രംഗത്തെതന്നെ വ്യത്യസ്ത മേഖലകളില്‍ അറിവും പരിശീലനവും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത കോഴ്സുകള്‍ നിലവിലുണ്ട്. ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ നീളുന്ന കോഴ്സുകളാണ് കൊമേഴ്സ് മേഖലയില്‍ ഇപ്പോഴുള്ളത്. കമ്പനികളും തൊഴിലുടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുപോലെ അംഗീകരിക്കുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുള്ള നിരവധി ദേശീയ അന്തര്‍ദേശീയ കോഴ്‌സുകള്‍ ലഭ്യമാണ്.
പ്ലസ് ടു യോഗ്യത മാത്രംവെച്ച് മറ്റ് പ്രത്യേക യോഗ്യതാ പരീക്ഷകള്‍ അഭിമുഖീകരിക്കാതെ തന്നെ അഡ്മിഷനെടുക്കാന്‍ സാധിക്കുന്ന കോഴ്സുകളാണ് ഇതില്‍ ബഹുഭൂരിപക്ഷവും. സിഎ, എസിസിഎ, സിഎംഎ ഇന്ത്യ, സിഎംഎ യുഎസ്, സിഎസ് തുടങ്ങിയ കോഴ്സുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്നതും തൊഴിലവസരങ്ങളുള്ളതും.
എന്തുകൊണ്ട് കൊമേഴ്സ് മാറ്റി നിര്‍ത്തപ്പെടുന്നു?
കൊമേഴ്സ് കോഴ്സുകളെക്കുറിച്ചുള്ള കൃത്യമായ അവബോധം ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ഈ മേഖലയിലേക്ക് എത്തുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ട് തന്നെ തങ്ങളുടെ മുന്നിലുള്ള ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നില്ല. ഇതിനെ സാധൂകരിക്കുന്നതാണ് 2023ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് (എഎസ്ഇആര്‍). പ്ലസ് ടുവിന് ശേഷം 9.4% വിദ്യാര്‍ഥികള്‍ മാത്രമാണ് കോമേഴ്സ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് ഈ സര്‍വ്വേ വ്യക്തമാക്കുന്നത്. അതേസമയം, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളാല്‍ മുഖ്യധാരാ തൊഴില്‍രംഗങ്ങളില്‍ നിന്ന് കൊമേഴ്സിനെ മാറ്റിനിര്‍ത്തുന്നതും വിദ്യാര്‍ഥികള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സ് വിഷയങ്ങള്‍ക്കും സ്ട്രീമുകള്‍ക്കും നല്‍കുന്ന അമിത പ്രാധാന്യമാണ് ഇതിനുള്ള കാരണം. മെഡിസിന്‍, എഞ്ചിനീയറിംഗ്, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ ജോലികള്‍ മറ്റ് തൊഴിലുകളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥിരതയും സമൂഹത്തില്‍ ഉന്നത പദവിയും പ്രദാനം ചെയ്യുമെന്ന ഒരു ധാരണയും ആളുകള്‍ക്കിടയിലുണ്ട്.
കൊമേഴ്സ് വിഷയങ്ങള്‍ പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും കൊമേഴ്സ് ജോലികളില്‍ സമ്മര്‍ദം കൂടുതലാണെന്നുമുള്ള മിഥ്യാധാരണയും വിദ്യാര്‍ഥികളെ ഈ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. എന്നാല്‍, പ്ലസ് ടുവിന് കൊമേഴ്സ് മാത്രമല്ല സയന്‍സും ഹ്യമാനിറ്റീസും പഠിച്ച വിദ്യാര്‍ഥികള്‍ക്കും അതിന് ശേഷം കൊമേഴ്സ് കോഴ്സുകള്‍ പഠിക്കാനും മികച്ച ജോലി കണ്ടെത്താനും സാധിക്കും. ഉദാഹരണത്തിന്, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഐഐസി ലക്ഷ്യയിലെ 600 ഓളം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 22.9% പേര്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരാണ്. മികച്ച കൊമേഴ്സ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ഒരു സമയത്ത് കുറവായിരുന്നതും കൊമേഴ്സിലേക്ക് വിദ്യാര്‍ത്ഥികളെത്തുന്നതിന് തടസമായിരുന്നു.
കൊമേഴ്സ്: സാധ്യതകളും അവസരങ്ങളും
വാണിജ്യ, ധനകാര്യ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നതാണ് ബിരുദതലത്തില്‍ കൊമേഴ്‌സ് കോഴ്‌സുകളുടെ ആവശ്യകതയിലുണ്ടായ ശ്രദ്ധേയമായ കുതിച്ചുചാട്ടം. നേരത്തെ സൂചിപ്പിച്ച പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മാറ്റിനിര്‍ത്തിക്കൊണ്ട് കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവ് വ്യക്തമാണ്. ഇത്തരത്തില്‍ കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. കേരളവും കൊമേഴ്സ് വിദ്യാര്‍ഥികളുടെ ഇഷ്ട ഇടമാണ്. ഇവര്‍ക്കായി ദേശീയ അന്തര്‍ദേശീയ കോഴ്സുകളുടെ വിപുലമായ ശ്രേണിയും ലഭ്യമാണ്.
ധനകാര്യം, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്‌മെന്റ്, തുടങ്ങി അനുബന്ധ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കരിയറിന് മൂല്യവത്തായ അടിത്തറയായി കൊമേഴ്‌സ് വിദ്യാഭ്യാസത്തെ അംഗീകരിക്കുന്നത് അടിവരയിടുകയാണ് ഈ പ്രവണത. സമ്പദ് വ്യവസ്ഥയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകതയും ആഗോള വിപണികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നു. ഇത് മനസിലാക്കി, ഈ മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് സ്വയം സജ്ജമാകുന്നതിന് കൊമേഴ്‌സ് കോഴ്‌സുകള്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു.
Content Highlights: prospects and opportunities of commerce