ഗാന്ധിനഗർ ഐ.ഐ.ടി.യിൽ സംവരണ വിഭാഗക്കാർക്ക് പിഎച്ച്.ഡി.;പ്രതിമാസം 37,000 രൂപ ഫെലോഷിപ്പ്

ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പട്ടികജാതി-വർഗ, ഒ.ബി.സി. (എൻ.സി.എൽ.), ഭിന്നശേഷിവിഭാഗ വിദ്യാർഥികളിൽനിന്ന് 2024-25 ഒന്നാം സെമസ്റ്റർ ഫുൾടൈം റെസിഡൻഷ്യൽ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് (സ്പെഷ്യൽ ഡ്രൈവ്) അപേക്ഷ ക്ഷണിച്ചു.
വിഷയങ്ങൾ
ബയോളജിക്കൽ സയൻസ് ആൻഡ് എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കൊഗ്നിറ്റീവ് ആൻഡ് ബ്രെയിൻ സയൻസസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, എർത്ത് സയൻസസ്, എർത്ത് സിസ്റ്റം സയൻസ്, ആർക്കിയോളജിക്കൽ സയൻസസ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, സൊസൈറ്റി ആൻഡ് കൾച്ചർ, മെറ്റീരിയൽസ് എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്.
അപേക്ഷ
www.iitgn.ac.in -ലെ അഡ്മിഷൻ (സ്പെഷ്യൽ ഡ്രൈവ്) ലിങ്ക് വഴി മാർച്ച് 21 വരെ നൽകാം. അപേക്ഷാഫീസ്, പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 150 രൂപയും ഒ.ബി.സി. വിഭാഗക്കാർക്ക് 300 രൂപയും. ഒന്നിൽക്കൂടുതൽ വിഷയങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷ നൽകണം.
ഫെലോഷിപ്പ്
വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നവർക്ക് പ്രതിമാസം 37,000 രൂപ നിരക്കിൽ ഫെലോഷിപ്പ് ലഭിക്കും. രണ്ടുവർഷംകഴിഞ്ഞ് തുക 42,000 രൂപ ആയി വർധിപ്പിച്ചേക്കാം. അന്താരാഷ്ട്ര കോൺഫറൻസുകളിൽ പേപ്പർ അവതരണങ്ങൾക്ക് രണ്ടുലക്ഷംരൂപവരെയുള്ള സാമ്പത്തിക സഹായം നൽകും. മികച്ച വിദേശ സർവകലാശാലകളിൽ/ ലബോറട്ടറികളിൽ നാലുമാസംമുതൽ ആറുമാസംവരെ ഗവേഷണം നടത്തുന്നതിന് 12,500 യു.എസ്. ഡോളർവരെ സഹായം അനുവദിക്കാം.
Content Highlights: Phd at gandhinagar IIT