ഓണ്‍ലൈന്‍ പഠനം: കാണാതിരിക്കരുത് പ്രത്യാഘാതങ്ങള്‍

#സുനില്‍ പി. ഇളയിടം/പി.എം. ആരതി
Image credit: gettyimages
Image credit: gettyimages

ലോകം അടിമുടി മാറുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും കോവിഡ്19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതിനകംതന്നെ നിര്‍ണായകമായ മാറ്റങ്ങള്‍ അരങ്ങേറിയ ഒരിടം വിദ്യാഭ്യാസമേഖലയാണ്. രാജ്യത്തെ വിദ്യാലയങ്ങളും കലാശാലകളും എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സര്‍വകലാശാലകളുടെ പുതുവര്‍ഷ പ്രവര്‍ത്തനം സെപ്റ്റംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു.ജി.സി. നിര്‍ദേശിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പരീക്ഷകളും മൂല്യനിര്‍ണയവും പൂര്‍ത്തിയാക്കി അടുത്ത അധ്യയനവര്‍ഷത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ശാരീരിക അകലം അടിസ്ഥാനപ്രമാണമായി മാറുന്ന പുതിയ ജീവിതക്രമം ഔപചാരിക വിദ്യാഭ്യാസത്തെ പഴയ നിലയില്‍ തുടരാന്‍ അനുവദിക്കുമോ എന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്.

ഈയൊരു സന്ദര്‍ഭത്തിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനകംതന്നെ അത് ഭാഗികമായെങ്കിലും നിലവില്‍വന്നുകഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍, നഗരമേഖലയിലെ കോളേജുകള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ പഠനം വ്യാപകമായിക്കഴിഞ്ഞു.

പൊതു സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗികമായും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പുതിയ വിദ്യാഭ്യാസവര്‍ഷത്തിന് ജൂണ്‍ ഒന്നിനുതന്നെ കേരള സര്‍ക്കാരും തുടക്കംകുറിച്ചു. വിദ്യാഭ്യാസ പ്രക്രിയ ഒരു വഴിത്തിരിവിലേക്കെത്തുകയാണെന്ന് കരുതാന്‍ പോന്നവിധത്തില്‍ ഈ പഠനരീതിക്ക് പ്രാമുഖ്യം വന്നിരിക്കുന്നു

കോവിഡ്19 ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നുതരുന്നുണ്ട് എന്നതില്‍ സംശയമില്ല. മഹാമാരിക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ അതിനെ ഉപയോഗപ്പെടുത്തുക തന്നെയാണ് നാമിപ്പോള്‍ ചെയ്യേണ്ടതും. വിദ്യാലയങ്ങളും കലാലയങ്ങളും അനന്തമായി അടച്ചിടുന്നത് ഒരു പ്രതിരോധമേയല്ല. അതുകൊണ്ടുതന്നെ, ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള ഇപ്പോഴത്തെ ശ്രമം ശ്ലാഘനീയവുമാണ്.

ഗുരുതര പ്രതിസന്ധികള്‍

അതേസമയം, ഓണ്‍ലൈന്‍ പഠനം ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളെ ഈ സന്ദര്‍ഭത്തില്‍ നാം കാണാതിരുന്നുകൂടാ. ഇനിയങ്ങോട്ട് ഓണ്‍ലൈന്‍ പഠനം മാത്രംമതി എന്ന മട്ടിലുള്ള പ്രഖ്യാപനങ്ങള്‍ ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. നാമിപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്നതിനപ്പുറം, ഓണ്‍ലൈന്‍ പഠനത്തെ വിദ്യാഭ്യാസപ്രക്രിയയുടെ അടിസ്ഥാനഘടകമാക്കാനുള്ള ശ്രമം ഗുരുതരമായ സാമൂഹികപ്രത്യാഘാതം ഉളവാക്കാന്‍ പോന്നതാണ്.

ഓണ്‍ലൈന്‍ പഠനം മൂന്നു തലങ്ങളിലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കുന്നുണ്ട്. അതിലാദ്യത്തേത് രാജ്യത്തുടനീളം നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തിന്റേതാണ്. പാശ്ചാത്യലോകത്തെയോ, ഇന്ത്യയിലെതന്നെ സ്വകാര്യ സര്‍വകലാശാലകളെയോ മാതൃകയായി സങ്കല്പിച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതിയെ ഒറ്റയടിക്ക് പിന്‍പറ്റുന്നത്, ഇന്ത്യയിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നതിലാണ് ചെന്നവസാനിക്കുക.

ഇന്ത്യന്‍ സമൂഹത്തിലെ ഡിജിറ്റല്‍ സാക്ഷരത എത്രയോ പരിമിതമായ നിലയിലാണ് ഇപ്പോഴും തുടരുന്നത്. കേവലം മൊബൈല്‍ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനത്തെ ഡിജിറ്റല്‍ സാക്ഷരതയായി സങ്കല്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. ദേശീയ ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ (National Digital Literacy Mission) ഡിജിറ്റല്‍ സാക്ഷരത എന്താണെന്ന് വ്യക്തമാക്കുന്നത് ഇവിടെ ശ്രദ്ധിക്കണം. ഡിജിറ്റല്‍ സാങ്കേതികതയിലുള്ള പരിജ്ഞാനം, അതിലെ ആശയവിനിമയ ഉപകരണങ്ങള്‍, ശൃംഖലകള്‍ തുടങ്ങിയവ കണ്ടെത്താനും ഉപയോഗിക്കാനും വിലയിരുത്താനുമുള്ള ശേഷി, അത്തരം അറിവുകള്‍ നിര്‍മിക്കാനുള്ള കഴിവ് എന്നിവയാണ് ഡിജിറ്റല്‍ സാക്ഷരതയുടെ അടിസ്ഥാനമായി അവര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ചുപോലും ഇത് ഇപ്പോഴും എത്രയോ പരിമിതമാണ്. ഡിജിറ്റല്‍ വിഭജനം (Digital Divide) നമ്മുടെ സമൂഹത്തെ അസമത്വപൂര്‍ണമാക്കാന്‍ പോന്ന ഒന്നായി ഇവിടെയുണ്ട് എന്നര്‍ഥം.

ഡിജിറ്റല്‍ അസമത്വം

വിവരസാങ്കേതിക വിദ്യയുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും അസന്തുലിതമായ ലഭ്യതമൂലം ഒരു പ്രദേശമോ ജനതയോ അനുഭവിക്കുന്ന അസമത്വത്തെയാണ് ഡിജിറ്റല്‍ വിഭജനം എന്നുപറയുന്നത്. മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍ ചാനലുകള്‍, ഇന്റര്‍നെറ്റ്, കംപ്യൂട്ടറുകള്‍ തുടങ്ങിയവയുടെ ലഭ്യതയും ഉപയോഗവുമാണ് ഇതിന്റെ അടിസ്ഥാനം. സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ ഘടകങ്ങള്‍ ഈ അസമത്വത്തിന്റെ നിര്‍മിതിയില്‍ പങ്കുചേരുന്നുണ്ട്. സാമ്പത്തിക അസമത്വവും സാമൂഹിക, സാംസ്‌കാരിക മൂലധനത്തിലെ അസമത്വവും എത്രയോ ശക്തമായ നമ്മുടേതുപോലൊരു സമൂഹത്തില്‍ ഡിജിറ്റല്‍ സാങ്കേതികതയെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമാക്കുന്നത്, നിലനില്‍ക്കുന്ന അസമത്വത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുക. ഇന്റര്‍നെറ്റ് ലഭ്യതയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ ഏറെ പിന്നിലാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ജാതീയവും വംശീയവും മറ്റുമായ ഘടകങ്ങള്‍ സൃഷ്ടിക്കുന്ന ഡിജിറ്റല്‍ അസമത്വത്തിന്റെ കണക്കുകള്‍ ലഭ്യവുമല്ല. കേരളത്തില്‍ ഇതിനകംതന്നെ ഒരു പെണ്‍കുട്ടി ആ അസമത്വത്തിനിരയായി ജീവനൊടുക്കേണ്ടിവന്നു. ഇത്തരം അസമത്വത്തെ മറികടന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തിയ സാമൂഹികവിഭാഗങ്ങളെ ഓണ്‍ലൈന്‍ അപേക്ഷകളും പ്രവേശനപരീക്ഷകളും എങ്ങനെയെല്ലാം ബാധിക്കും എന്നതും ഗൗരവമുള്ള വിഷയമാണ്.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ലഭ്യമാകുന്ന കണക്കുകള്‍ ഇവിടെ കണക്കിലെടുക്കണം. ഇന്ത്യന്‍ ജനസംഖ്യയുടെ 66 ശതമാനം ജീവിക്കുന്ന ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ളത് 25.3 ശതമാനത്തിനാണ്. ബാക്കിവരുന്ന 34 ശതമാനം ജനങ്ങള്‍ വസിക്കുന്ന നഗരമേഖലയില്‍ 98 ശതമാനത്തിന് നെറ്റ് കണക്ഷന്‍ ഉണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഈ കണക്കുകള്‍ അനുസരിച്ച്, 80 കോടിയോളം പേര്‍ വസിക്കുന്ന ഗ്രാമീണമേഖലയിലെ 60 കോടി ആളുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് പുറത്താണ്. നഗരമേഖലയില്‍ മൂന്നു കോടിയോളവും. രാജ്യത്തെ രണ്ടിലൊരാള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല എന്നര്‍ഥം. ജനസംഖ്യയുടെ നേര്‍പ്പകുതിക്ക് അല്പംപോലും പ്രാപ്യമായിട്ടില്ലാത്ത ഒരു സാങ്കേതികസംവിധാനത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമായി ഉപയോഗിക്കുന്നത് ഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുന്നതിലാണ് ചെന്നവസാനിക്കുക. സ്മാര്‍ട്ട്‌ഫോണുകളും ടെലിവിഷനും നെറ്റ് കണക്ടിവിറ്റിയും വ്യാപകമായ കേരളത്തില്‍പ്പോലും 43.76 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 5.98 ശതമാനത്തിന് (2.61 ലക്ഷം കുട്ടികള്‍) ഇവയൊന്നുംതന്നെ പ്രാപ്യമല്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കാര്യം മറ്റൊരു നിലയിലും മനസ്സിലാക്കാവുന്നതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുപ്പതു ശതമാനത്തിലധികംവരുന്ന വിഭാഗങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത പത്തുശതമാനം പോലുമില്ലെന്ന് ഡിജിറ്റല്‍ സാക്ഷരതാമിഷന്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ത്തന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിന് ഉപയുക്തമാവുന്ന വിധത്തില്‍ അതിന്റെ ഇടമുറിയാത്ത ലഭ്യതയുണ്ടോ എന്നതും വലിയൊരു പ്രശ്‌നമാണ്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനാവശ്യമായ ഡേറ്റ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് കൈവരുക എന്നതും പ്രധാനമാണ്. പ്രതിമാസം 300-400 രൂപ നല്‍കി, സ്വകാര്യ സേവനദാതാക്കളില്‍നിന്ന് വിദ്യാര്‍ഥികള്‍തന്നെ ഇത് വാങ്ങേിവരുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. മധ്യവര്‍ഗത്തിന് താഴെയുള്ളവര്‍ക്ക് ഇത് എത്രത്തോളം താങ്ങാനാവും?

വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധംമാത്രം

ഇന്റര്‍നെറ്റ് ലഭ്യതയെയും ഡിജിറ്റല്‍ സാക്ഷരതയെയും സംബന്ധിച്ചുള്ള ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഓണ്‍ലൈന്‍ പഠനത്തെ വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധമായല്ലാതെ അടിസ്ഥാന ഘടകമായി ഇപ്പോള്‍ പരിഗണിച്ചുകൂടാ എന്നതാണ്. അങ്ങനെ ചെയ്യുന്നത് ഭരണഘടന വാഗ്ദാനംചെയ്യുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധമായേ പര്യവസാനിക്കൂ.

ഡിജിറ്റല്‍ ഡിവൈഡ് എന്നതിനപ്പുറം അറിവിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഗൗരവമേറിയ പ്രശ്‌നങ്ങളും ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപ്രകൃതം വിവരവിതരണത്തിനും നൈപുണ്യനിര്‍മാണത്തിനും (Skill development) പ്രാധാന്യം നല്‍കുന്നതാണ്. അത് വിമര്‍ശനാത്മകചിന്തയെ വികസിപ്പിക്കാന്‍ പര്യാപ്തമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധ്യാപകരുടെ പങ്ക് ഏറിയകൂറും സ്‌കില്‍ മാനേജര്‍മാരുടേതായി ചുരുങ്ങുന്നുണ്ട്. ക്ലാസ് മുറികളുടെ ജൈവികവിനിമയശേഷിയും സര്‍ഗാത്മകസംവാദങ്ങളും നഷ്ടമാകുന്ന അധ്യയനരീതിയാണ് അതിന്റേത്.

ഇപ്പോള്‍ ലഭ്യമായ പല ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമുകളും (ഗൂഗിള്‍ ക്ലാസ്‌റൂം, ഗൂഗിള്‍ ടിംസ്, ജിറ്റ്‌സി, എസമോഡോ, സൂം തുടങ്ങിയവ) പരസ്പര വിനിമയശേഷിയുള്ളവയായി (interactive platforms) സംവിധാനം ചെയ്യപ്പെട്ടവയാണ്. എന്നാല്‍, പ്രയോഗത്തില്‍ മിക്കവാറും പരസ്പരവിനിമയം ഒരു അസാധ്യതയായി അവശേഷിക്കുന്നു. അധ്യാപനം ഏകദിശയിലുള്ള പ്രഭാഷണത്തിലേക്കും വിവരവിതരണത്തിലേക്കും നീളുന്നു എന്നതാണ് ഇതിന്റെ ഫലം. അതോടെ വ്യാഖ്യാനാത്മകവും വിമര്‍ശനാത്മകവുമായ അവബോധരൂപവത്കരണം വിദ്യാഭ്യാസപ്രക്രിയയ്ക്ക് പുറത്താവും. ലഭ്യമായ നാനാതരം വിവരങ്ങള്‍ സമാഹരിച്ച് ക്രോഡീകരിച്ച് വിതരണം ചെയ്യുക എന്നതില്‍ അധ്യാപനം അവസാനിക്കുകയും ചെയ്യുന്നു.

നഷ്ടപ്പെടുന്ന സര്‍ഗാത്മകവിനിമയം

ഓണ്‍ലൈന്‍ പഠനം വഴിതുറക്കുന്ന മറ്റൊരു പ്രശ്‌നം അധ്യാപനവുമായി ബന്ധപ്പെട്ടതാണ്. വിമര്‍ശാവബോധ നിര്‍മാണത്തിലേക്ക് നയിക്കുന്ന സര്‍ഗാത്മകവിനിമയം അധ്യാപനപ്രക്രിയയില്‍നിന്ന് മിക്കവാറും പിന്‍വാങ്ങുകയും അത് വിവരവിതരണത്തിന്റേതായ സാങ്കേതികദൗത്യനിര്‍വഹണമായി വഴിമാറുകയും ചെയ്യുന്നതോടെ അധ്യാപിക/അധ്യാപകന്‍ ഒരു ഇടനില സഹായിയുടെ (fecilitator) സ്ഥാനത്തേക്ക് വഴിമാറും. രണ്ടു ഫലമാണ് ഇതുളവാക്കുക. ഒന്നാമതായി അധ്യയനത്തിലുള്‍ച്ചേര്‍ന്ന സര്‍ഗാത്മകതയും നിര്‍വാഹകത്വവും ഇല്ലാതാകും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും. വിദ്യാഭ്യാസപ്രക്രിയയുടെ ഒരു ഘടകം മാത്രമാണ് ക്ലാസ്‌റൂം അധ്യയനം എന്ന് കാണാതിരുന്നുകൂടാ. അതിനപ്പുറം എത്രയോ ഘടകങ്ങള്‍ പങ്കുചേരുന്ന വിപുലമായ വ്യവഹാരമാണ് വിദ്യാഭ്യാസം. ഓണ്‍ലൈന്‍ പഠനം അതിനെയപ്പാടെ കൈയൊഴിയുന്ന ഒന്നാണ്. രണ്ടാമതായി അധ്യാപനം എന്ന തൊഴില്‍മേഖല പതിയെപ്പതിയെ തകര്‍ച്ചയിലേക്കു നീങ്ങും. വിശേഷാവഗാഹമുള്ള ഒരാളുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ഗാത്മകവിനിമയത്തിനുപകരം, അധ്യാപനം വിവരവിതരണത്തിന്റെ ഇടനിലപ്പണിയായിത്തീരുമ്പോള്‍ അത് സാങ്കേതികമായി നിര്‍വഹിക്കാവുന്ന ഒന്നായിമാറും. അതിന് ഇത്രയേറെ ആളുകള്‍ ആവശ്യമില്ലെന്ന് ഭരണകൂടം കണക്കുകൂട്ടുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അധ്യാപനം എന്ന തൊഴില്‍മേഖലയുടെ ശിഥിലീകരണത്തിന് വഴിതുറക്കാന്‍ സാധ്യതയുള്ള ഒന്നാണിത്.

സമ്പൂര്‍ണമായ ഓണ്‍ലൈന്‍ പഠനം, നിലവിലുള്ള പഠനത്തിന് അനുപൂരകവും അതിനെ ദൃഢീകരിക്കുന്നതുമായ ഓണ്‍ലൈന്‍ പഠനം, കോവിഡ്19ന്റെ പ്രതിസന്ധിയെ മറികടക്കാന്‍ പോന്ന ഇടക്കാല സംവിധാനം എന്നിങ്ങനെ മൂന്നുതലങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തെ വേര്‍തിരിച്ചു കാണണം. ഇതില്‍ അടിയന്തരമായി മൂന്നാമത്തെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രണ്ടാമത്തെയും വഴികളാണ് നമുക്ക് സ്വീകരിക്കാനാവുക. അതിനുപകരം ക്ലാസ്‌റൂം പഠനത്തെ കൈയൊഴിയുന്ന ആദ്യവഴി സ്വീകരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെത്തന്നെ ഇല്ലാതാക്കും.

ഇല്ലാതാവുന്നത് സാമൂഹികത

വാസ്തവത്തില്‍ നിയോലിബറലിസം വളരെ മുമ്പേ മുന്നോട്ടുവെച്ച ഒന്നാണ് ഈ ജ്ഞാനസങ്കല്പം. വിദ്യാഭ്യാസത്തെ പലതരത്തിലുള്ള പ്രായോഗിക നൈപുണ്യങ്ങള്‍ (skills) ആര്‍ജിക്കലായാണ് അത് പരിഗണിക്കുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് മുകേഷ് അംബാനിയും കുമരമംഗലം ബിര്‍ളയും ചേര്‍ന്ന് സമര്‍പ്പിച്ച, ഉന്നത വിദ്യാഭ്യാസത്തിന്റെ പുനഃസംഘാടനത്തെക്കുറിച്ചുള്ള, രേഖയില്‍ ഇത് വ്യക്തമായി കാണാം. സ്വകാര്യ സംരംഭകര്‍ അവര്‍ക്കാവശ്യമുള്ള വിശേഷവിദഗ്ധരെ നിര്‍മിക്കുന്ന വിധത്തില്‍ ഉന്നതവിദ്യാഭ്യാസത്തെ പുതുക്കിപ്പണിയണമെന്നാണ് അന്ന് നിര്‍ദേശിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ സാമൂഹികത എന്ന അടിസ്ഥാനഘടകത്തെയും വിമര്‍ശനാത്മകചിന്തയെയും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം. വ്യക്തികേന്ദ്രിതവും വിവരാധിഷ്ഠിതവും സാങ്കേതികവുമായ അത്തരമൊരു വഴി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും തുറന്നുകിടക്കുന്നുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഈ അടിസ്ഥാനപ്രകൃതം ഭാഷ, സാഹിത്യം, ശുദ്ധശാസ്ത്രം, മാനവിക വിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, കലാപഠനം തുടങ്ങിയവയെ വിജ്ഞാനമേഖലയില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ ഒഴിച്ചുനിര്‍ത്തും. (ശാസ്ത്രപഠനത്തിന് അനിവാര്യമായ പരീക്ഷണശാലകളെയും ഇതില്‍ ഉള്‍പ്പെടുത്താനാവില്ല). മേല്‍പ്പറഞ്ഞ വിഷയങ്ങളൊന്നും കേവലം വിവരകേന്ദ്രിതമല്ല. ഏകമുഖമായ ഭാഷണങ്ങള്‍ കലാസാഹിത്യ പഠനത്തെയും മറ്റും എവിടെയും എത്തിക്കില്ല. ഭാവാത്മകമായ (affective) ഘടകം അടിസ്ഥാനമായി വരുന്ന ഒന്നാണ് കലാസാഹിത്യ പഠനം. അത്തരം വിഷയങ്ങളുടെ ചരമസ്ഥാനങ്ങളായി ഈ പഠനസമ്പ്രദായം മാറിയേക്കാനിടയുണ്ട്.

തുടക്കത്തില്‍ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളെ അപ്പാടെ നിരസിക്കുകയല്ല നമ്മുടെ സന്ദര്‍ഭത്തിന്റെ താത്പര്യം. മറിച്ച് അത്തരമൊന്നിനെ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകേണ്ട കരുതലിനെക്കുറിച്ചാണ്. നാം നേരിടുന്ന പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ഓണ്‍ലൈന്‍ പഠനത്തിലേക്കുള്ള വഴിതിരിയല്‍ അനിവാര്യമാണ്. പഴയ സമ്പ്രദായങ്ങളില്‍നിന്ന് മാറാനുള്ള അധ്യാപകരുടെയും സംവിധാനങ്ങളുടെയും വൈമുഖ്യം ഈ വഴിമാറ്റത്തിന് തടസ്സമാവരുത്. എന്നാല്‍, അതിനു ശ്രമിക്കുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ സാമൂഹികനീതിയുടെ നിഷേധംമുതല്‍ വിദ്യാഭ്യാസ പ്രക്രിയയുടെയും വിജ്ഞാനസങ്കല്പത്തിന്റെയും ഉള്ളടക്കംവരെ നമ്മുടെ പരിഗണനയില്‍ ഉണ്ടാവണം.

(ഡോ. പി.എം. ആരതി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ 'സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ട്'ലും സുനില്‍ പി. ഇളയിടം സംസ്‌കൃത സര്‍വകലാശാല മലയാളവിഭാഗത്തിലും അധ്യാപകരായി പ്രവര്‍ത്തിക്കുന്നു)

Content Highlights: online education boon or curse

Content Highlights: